സംസ്ഥാനത്തെ ആദ്യ കല്ലുമ്മക്കായ ഹാച്ചറി പുതിയങ്ങാടിയില്‍

നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍
കേരളത്തിലെ ആദ്യത്തെ കല്ലുമ്മക്കായ -കടല്‍ മത്സ്യ വിത്തുല്പാദന ഹാച്ചറി കണ്ണൂർ മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയില്‍ ഒരുങ്ങുന്നു. പ്രതിവര്‍ഷം 50 ലക്ഷം കടല്‍ മത്സ്യക്കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ് ഈ ഹാച്ചറി വഴി ഉല്പാദിപ്പിക്കാന് ലക്ഷ്യമിടുന്നത്. ഹാച്ചറി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കല്ലുമ്മക്കായ കൃഷിയില്‍ മലബാര്‍ സ്വയംപര്യാപ്തമാകും.
കല്ലുമ്മക്കായ വിത്തുല്പാദനത്തിന് ആവശ്യമായ മോഡുലാര്‍ ഹാച്ചറി സൗകര്യങ്ങളും കടല്‍ മത്സ്യങ്ങളുടെ വിത്തുല്പാദനത്തിനും സംരക്ഷണത്തിനുമാവശ്യമായ ലൈവ് ഫീഡ് പ്രൊഡക്ഷന്‍ യൂണിറ്റ്, ആല്‍ഗല്‍ കള്‍ച്ചര്‍ യൂണിറ്റ്, പൊരുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിനും വിത്തുല്പാദനത്തിനും ആവശ്യമായ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ലാര്‍വല്‍ റയറിംഗ് ടാങ്കുകള്‍, ലബോറട്ടറി സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മല്‍സ്യബന്ധന വകുപ്പ് അഞ്ചു കോടി രൂപ ചെലവിലാണ് മത്സ്യ വിത്തുല്പാദന കേന്ദ്രം സ്ഥാപിക്കുന്നത്. വിത്തുല്പാദനത്തിനും റെയറിംഗിനുമായി 1208.6 ചതുരശ്ര മീറ്ററില്‍ ഹാച്ചറി കെട്ടിടം, 133 മീറ്റര്‍ നീളത്തില്‍ ഡ്രെയിനേജ് സംവിധാനം, 30 ടണ്‍ കപ്പാസിറ്റിയുള്ള എഫ് ആര് പി ടാങ്ക്, മത്സ്യ വിത്തുല്പാദന കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ബ്ലോവറുകള്‍, ഓസണേറ്റര്‍, റാപ്പിഡ് സാന്റ് ഫില്‍ട്ടറുകള്‍, സ്ലോ സാന്റ് ഫില്‍ട്ടറുകള്‍, ആധുനിക പ്ലംബിംഗ് സംവിധാനം, വൈദ്യുതീകരണ പ്രവൃത്തികള്‍ എന്നിവയാണ് കെട്ടിടത്തില്‍ ഒരുക്കുക. സര്‍ക്കാര്‍ സ്ഥാപനമായ സിഎംഎഫ് ആര് ഐ യുടെ സാങ്കേതിക സഹായത്തോടെയാണ് ഹാച്ചറി സ്ഥാപിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരള തീരദേശ വികസന കോര്പറേഷന് മുഖേനയാണ് നിര്‍വഹിക്കുന്നത്.
കല്ലുമ്മക്കായ ഉള്‍പ്പെടെയുള്ള മല്‍സ്യകൃഷിയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം ഗുണമേന്മയുള്ള മത്സ്യവിത്തിന്റെ ലഭ്യതക്കുറവാണ്. മത്സ്യവിത്തിന്റെ ഏറിയ പങ്കും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. വളരെ കുറഞ്ഞ അളവില്‍ ജലാശയങ്ങളില്‍ നിന്ന് കല്ലുമ്മക്കായ വിത്തും മല്‍സ്യക്കുഞ്ഞുങ്ങളും ലഭിക്കാറുണ്ട്. ഈ പരിമിതി മറികടക്കുന്നതിനും ഗുണമേന്മയുള്ള മത്സ്യവിത്തിന്റെ ലഭ്യത കര്‍ഷകര്‍ക്ക് ഉറപ്പ് വരുത്തുന്നതിനും വിത്തുല്പാദന കേന്ദ്രത്തിലൂടെ സാധിക്കും. കല്ലുമ്മക്കായ, വിവിധ കടല്‍ മത്സ്യങ്ങല് എന്നിവയുടെ ഗുണമേന്മയുള്ള വിത്തുകള്‍ ഉല്പാദിപ്പിക്കുന്നതിന് പുറമെ മത്സ്യങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമാണ് പുതിയങ്ങാടിയിലെ കല്ലുമ്മക്കായ കടല്‍ മത്സ്യ വിത്തുല്പാദന കേന്ദ്രത്തില്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത്. സി എം എഫ് ആര് ഐ യുടെ സഹായത്തോടെ ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയാണ് ഗുണനിലവാരമുള്ള വിത്തുകള്‍ ഉല്പാദിപ്പിക്കുക.
ഹാച്ചറിയുടെ നിര്‍മ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ ജനുവരിയോടെ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാകുമെന്ന് എം വിജിന് എം എല്‍ എ പറഞ്ഞു.