കണിച്ചാറിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം വരുന്നു; ഐ.ഐ.ടി റൂർക്കിയിൽ നിന്നുള്ള സംഘം പഠനം തുടങ്ങി

കണിച്ചാർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലിവിങ് ലാബ് പദ്ധതിയോടനുബന്ധിച്ച് ഉരുൾപൊട്ടൽ സാധ്യതാ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിനു മുന്നോടിയായി ഐ ഐ ടി റൂർക്കിയിൽ നിന്നുള്ള ശാസ്ത്രജ്ഞരും പ്രൊഫസർമാരുമടങ്ങുന്ന ഒൻപതംഗ പഠനസംഘം കണിച്ചാറിൽ എത്തി. ചീഫ് സയന്റിസ്റ്റ് ഡി.പി. കാനുങ്കോ, പ്രിൻസിപ്പൽ സയന്റിസ്റ്റ് കൗശിക് പണ്ഡിറ്റ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് അനിന്ദ്യ പെയ്ൻ, പ്രൊഫ. പാണിഗ്രാഹി, റിസർച്ച് അസോസിയേറ്റ് ഋതേഷ് കുമാർ, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് അജയ് ദ്വിവേദി, ടെക്‌നിക്കൽ ഓഫീസർ അജീത് സിംഗ് ഗഹർവാർ, ടെക്‌നിക്കൽ ഓഫീസർ ആദിത്യ ഭാസ്‌കർ ഭഗത്, പ്രോജക്റ്റ് അസോസിയേറ്റ് നുനാവത് സുരേഷ് എന്നിവരാണ് കണിച്ചാറിൽ എത്തിയത്.
കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻ്റണി സെബാസ്റ്റ്യൻ, റെസിലിയൻസ് ഓഫീസർ കെ നിധിൻ എന്നിവരുമായി സംഘം ചർച്ച നടത്തി.
ഭൂപ്രകൃതിക്കനുസരിച്ച് ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി അറിയുന്നതിന് സ്ഥാപിക്കേണ്ട സെൻസറുകൾ ഏതൊക്കെയെന്ന് വിലയിരുത്തുകയാണ് ലക്ഷ്യമെന്ന് സംഘം പറഞ്ഞു. മണ്ണിന്റെ ഘടന, ഭൂപ്രകൃതി തുടങ്ങിയവ പഠനവിധേയമാക്കിയ ശേഷം സംഘം മടങ്ങും. അടുത്ത വർഷം ആദ്യത്തോടെ സെൻസറുകൾ സ്ഥാപിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും സംഘം പറഞ്ഞു. സെൻസറുകൾക്കൊപ്പം ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനും സ്ഥാപിക്കും. ദുരന്ത സാധ്യതകൾ മൂന്നു മുതൽ നാല് മണിക്കൂർ വരെ മുൻകൂട്ടി അറിയാൻ കഴിയുന്ന സംവിധാനമാണ് കണിച്ചാറിൽ സ്ഥാപിക്കുക. പഠനസംഘം സെപ്റ്റംബർ 23 വരെ കണിച്ചാറിൽ തുടരും.