ജാഗ്രതാ സമിതി ശക്തിപ്പെടുത്തല്‍; ജില്ലാതല ക്യാമ്പയിന് തുടക്കമായി

post

കൊല്ലം ജില്ലയെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കി മാറ്റുന്നതിന് ജാഗ്രതാ സമിതി ശക്തിപ്പെടുത്തല്‍ ക്യാമ്പയിന്റെയും സെമിനാറിന്റെയും ജില്ലാതല ഉദ്ഘാടനം വടക്കേവിള ശ്രീ നാരായണ കോളജ് ഓഫ് ടെക്‌നോളജിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ സമൂഹത്തിന്റെ സമസ്ത മേഖലകളിലും മുന്‍നിരയിലേക്കെത്തുന്നത് തുടരണമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററും വനിതാ ശിശു വികസന വകുപ്പിന്റെ സങ്കല്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമനും സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷയായി. സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമന്‍ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എം. സൂസന്‍ വിഷയാവതരണം നടത്തി. 'സ്ത്രീ സൗഹൃദ കൊല്ലം ജില്ലയ്ക്കായി്' വിഷയത്തില്‍ നടന്ന സെമിനാറില്‍ 'ജാഗ്രതാ സമിതി പ്രവര്‍ത്തനവും പ്രാധാന്യവും' സെഷന്‍ തിരുവനന്തപുരം ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. വി.എന്‍ അനീഷ നയിച്ചു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, വാര്‍ഡ് അടിസ്ഥാനത്തിലുള്ള ജാഗ്രതാ സമിതികളില്‍ പരാതി നല്‍കുന്ന വിധം, ഓരോ തദ്ദേശസ്ഥാപനങ്ങളിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, ജാഗ്രത സമിതിയുടെ പ്രവര്‍ത്തനവും പ്രാധാന്യവും തുടങ്ങിയവ വ്യക്തമാക്കി.  ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം തുടങ്ങിയവയുടെ പ്രാധാന്യം സംബന്ധിച്ച് 'ജെന്‍ഡര്‍ അവബോധം' സെഷനില്‍ കില സ്പെഷ്യലിസ്റ്റ് ഇന്‍ വിമന്‍ സ്റ്റഡീസ് ഡോ.അമൃത് രാജ് ക്ലാസെടുത്തു.

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ, ഡെപ്യൂട്ടി കലക്ടര്‍ അനില്‍ ഫിലിപ്പ്, വനിതാ ശിശു വികസന ഓഫീസര്‍ പി. ബിജി, വടക്കേവിള ശ്രീ നാരായണ കോളജ് ഓഫ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഡോ. സി അനിതാ ശങ്കര്‍, വനിതാ സംരക്ഷണ ഓഫീസര്‍ എ.ഷീജ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ആര്‍. ബീന, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ കൗണ്‍സിലര്‍ സലീന ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു.