വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഗാന്ധിഭവന്‍

post

കൊല്ലം :  പത്തനാപുരം ഗാന്ധിഭവനിലെ ഈ വര്‍ഷത്തെ വിഷുക്കൈനീട്ടം കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

എല്ലാ വര്‍ഷവും വിഷുക്കണിക്ക് മുമ്പില്‍ ഒരോ ജീവനക്കാരും കാണിക്ക വയ്ക്കുന്ന തുക സമാഹരിച്ച് സേവന പ്രവര്‍ത്തകരുടെ ക്ഷേമത്തിനായുള്ള കരുതല്‍ പദ്ധതിയില്‍ നിക്ഷേപിക്കുകയും പ്രയാസം നേരിടുന്ന ജീവനക്കാര്‍ക്ക് ആവശ്യമായി വരുമ്പോള്‍ സഹായമായി നല്‍കുകയുമാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം വിഷുക്കൈനീട്ടമായി ലഭിച്ച 27,000 രൂപ ജീവനക്കാര്‍ സെക്രട്ടറി പുനലൂര്‍ സോമരാജനുമായി അലോചിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ചെക്ക് ഗാന്ധിഭവന്‍ എക്സിക്യൂട്ടീവ് മാനേജരും മുന്‍ ജയില്‍ ഡി ഐ ജി യുമായ ബി പ്രദീപിന്റെ നേതൃത്വത്തില്‍ ഗാന്ധിഭവന്‍ ഷെല്‍ട്ടര്‍ ഹോം സൂപ്രണ്ട് ആര്‍ ഷൈമ, കൗണ്‍സിലര്‍ അപര്‍ണ മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി.