മുണ്ടൂര്‍ - പുറ്റേക്കര കുപ്പിക്കഴുത്ത് ഭൂമി ഏറ്റെടുക്കലിന് 25.57 കോടി രൂപ അനുവദിച്ചു

തൃശൂര്‍ - കുറ്റിപ്പുറം സംസ്ഥാനപാതയില്‍ മുണ്ടൂര്‍ മുതല്‍ പുറ്റേക്കര വരെയുള്ള റോഡിന്റെ ഭാഗം നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കാന്‍ 25.57 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. 1.8 കിലോമീറ്റര്‍ റോഡിലെ കുപ്പിക്കഴുത്ത് അടക്കം പരിഹരിച്ച് വികസിപ്പിക്കുന്നതിനാണ് ഭൂമിയേറ്റെടുക്കുന്നത്. ഭൂമിയുടെ വില കെട്ടിടങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും വില, പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള തുക ഉള്‍പ്പെടെയാണ് അനുവദിച്ചത്. ഈ തുക പൊതുമരാമത്ത് വകുപ്പ് റവന്യു വകുപ്പിന് കൈമാറുന്നതോടെ 19(1) വിജ്ഞാപനം പുറപ്പെടുവിച്ച് ഭൂമിയേറ്റെടുക്കലിന്റെ അന്തിമ നടപടികളിലേക്ക് കടക്കാനാകും. 117 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.