കണ്ണൂരിലെ യാത്രാക്കുരുക്കിന് പരിഹാരം; മേലേചൊവ്വ മേൽപാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുറപ്പാക്കാന്‍ ആയുര്‍വേദത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് ജില്ലയിലെ ആശുപത്രികള്‍. ബാല്യം മുതല്‍ വാര്‍ധക്യം വരെയുള്ള ആരോഗ്യപരിപാലന-രോഗനിവാരണ പ്രവര്‍ത്തനങ്ങളാണ് തനത്ചികിത്സാവിധികളിലൂടെ ഉറപ്പാക്കുന്നത്.
പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന വിളര്‍ച്ച, വിശപ്പില്ലായ്മ, രോഗപ്രതിരോധശേഷികുറവ്, ആര്‍ത്തവപ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തി പരിഹാരം ഉറപ്പാക്കുന്നതിന് ‘കൗമാര സൗഖ്യം' പദ്ധതിയാണ് നടപ്പിലാക്കുന്നത്. തുടര്‍ചികിത്സ സഹിതം ഉറപ്പാക്കിയാണ് പദ്ധതിനിര്‍വഹണം. പോരുവഴി പഞ്ചായത്തില്‍ എട്ടു മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കി മതിയായ ചികിത്സവേണമെന്ന് കണ്ടെത്തിയ 500 പെണ്‍കുട്ടികള്‍ക്ക് തുടര്‍ചികിത്സ നല്‍കി.
12 മുതല്‍ 55 വയസ് വരെ പ്രായമുള്ള സ്ത്രീകളെ പരിശോധനയ്ക്ക് വിധേയമാക്കി ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, അമിതവണ്ണം, ശരീരം മെലിയല്‍, സന്ധിവേദന, ആര്‍ത്തവവിരാമം തുടങ്ങിയവയ്ക്കും ചികിത്സ, സൗജന്യമായി മരുന്നുകളും ലഭ്യമാക്കി. ആയിരത്തിലധികം പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷവും (2025- 26) പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
സൂതികപരിചരണം പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് ആരോഗ്യകരമായ പ്രസവാനന്തര പരിചരണങ്ങളാണ് നല്‍കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും മികച്ച ആരോഗ്യപരിരക്ഷയാണ് ലക്ഷ്യം. പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് പ്രസവാനന്തര ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ഡിസ്ചാര്‍ജ് സമ്മറി, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്‌സഹിതം പോരുവഴി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ക്കാണ് പ്രസവശേഷം മൂന്നാഴ്ചത്തെ മരുന്നുകള്‍ നല്‍കിയത്.
ശാസ്താംകോട്ട ബ്ലോക്ക്പഞ്ചായത്തിന്റെ ‘പനിനീര്‍പൂവിനെ വരവേല്‍ക്കാം' പദ്ധതിയും പോരുവഴി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്നു. ആദ്യപ്രസവത്തിന് തയ്യാറെടുക്കുന്ന ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്ക് ഒമ്പതാം മാസം മുതല്‍ പ്രസവശേഷം 15 ദിവസം വരെയാണ് പരിചരണം. പ്രസവാനന്തരം കഴിക്കേണ്ട ആയുര്‍വേദ മരുന്നുകള്‍ ഉള്‍പ്പെടെ 2,500 രൂപ വിലവരുന്നവയുടെ കിറ്റും സൗജന്യമായി നല്‍കുന്നു. ആരോഗ്യപരിശോധന, കൗണ്‍സിലിങ്, പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും പരിരക്ഷ, ഔഷധ വിതരണം എന്നിവയാണ് പദ്ധതിയുടെ കാതല്‍.
60 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ കണ്ടുവരുന്ന ജീവിതശൈലിരോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് പോരുവഴി ഗ്രാമപഞ്ചായത്ത് ‘ആയുര്‍ സുരക്ഷ'ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ജീവിതശൈലി രോഗികളായ 600 സ്ത്രീകള്‍ക്ക് ചികിത്സ നല്‍കി. മരുന്നുകള്‍ സൗജന്യമായി എല്ലാ മാസവും വിതരണം ചെയ്യുന്നുമുണ്ട്. സ്ത്രീകളുടെ സമ്പൂര്‍ണ ആരോഗ്യപരിപാലനമാണ് വിവിധ പദ്ധതികളിലൂടെ ഉറപ്പാക്കുന്നതെന്ന് പോരുവഴി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയങ്ക പറഞ്ഞു.