ഗാന്ധിജിയുടെ കൊല്ലം സന്ദർശനത്തിന്റെ നൂറാം വാർഷികം; ഗാന്ധിജയന്തി ആഘോഷങ്ങൾ വിപുലമാക്കും

post

മഹാത്മാഗാന്ധി കൊല്ലം ജില്ല സന്ദര്‍ശിച്ചതിന്റെ 100-ാം വാര്‍ഷികത്തില്‍ ഗാന്ധിജയന്തി ആഘോഷങ്ങള്‍ ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കൊല്ലം ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കൊല്ലം കോര്‍പ്പറേഷന്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടനം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.

ഒക്ടോബര്‍ രണ്ടിന് രാവിലെ 7.30 ന് ചിന്നക്കട പൊതുമരാമത്ത് വിശ്രമകേന്ദ്രത്തില്‍നിന്ന് തുടങ്ങുന്ന പദയാത്ര ചിന്നക്കട അടിപാത-ബീച്ച് റോഡ് വഴി ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണവും സര്‍വമത പ്രാര്‍ഥനയും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും ജില്ലാതല പരിപാടികള്‍ക്കും തുടക്കമാകും. മന്ത്രിമാരും ഇതര ജനപ്രതിനിധികളും പങ്കെടുക്കും.

സ്‌കൂള്‍/കോളജ് വിദ്യാര്‍ഥികള്‍, എന്‍.സി.സി, എന്‍.എസ്.എസ്, വൊളന്റിയേഴ്‌സ്, അധ്യാപകര്‍, സന്നദ്ധസംഘടനകള്‍ ഉള്‍പ്പെടെ പങ്കെടുക്കും. ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ പ്രഭാതഭക്ഷണം നല്‍കും. കൊല്ലം കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകളിലേയും ജീവനക്കാര്‍ പങ്കെടുക്കും.

ഗാന്ധിപാര്‍ക്കും പരിസരവും വൃത്തിയാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഹരിത പെരുമാറ്റചട്ടങ്ങള്‍ പാലിച്ചാകും പരിപാടി. ഒക്ടോബര്‍ രണ്ടിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ഉറപ്പാക്കാന്‍ ആര്‍.ടി.ഒ യെ ചുമതലപ്പെടുത്തി.

ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ നാലിന് ഗാന്ധി കലോത്സവം സംഘടിപ്പിക്കും. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തരി, എല്‍.പി, യു.പി, എച്ച്.എസ് വിഭാഗക്കാര്‍ക്കായി ചിത്രരചന, യു.പി, എച്ച്.എസ് വിഭാഗത്തിന് കവിതാലാപന മത്സരങ്ങള്‍ എന്നിവയുണ്ടാകും.

ഗാന്ധിജയന്തിദിനാചരണത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 29, 30 തീയതികളില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ആരോഗ്യ വകുപ്പിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ ശുചിയാക്കുന്നതിനും തീരുമാനിച്ചു.

എ.ഡി.എം ജി.നിര്‍മല്‍കുമാര്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ പോള്‍ മത്തായി, സെക്രട്ടറി ജി.ആര്‍.കൃഷ്ണകുമാര്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, സെക്രട്ടറി ഇ. ഷാജഹാന്‍, ടി.എസ് ബാഹുലേയന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.