പുരസ്‌കാര നിറവിൽ കണ്ണപുരത്തെ പച്ചതുരുത്തുകൾ; പൗര സ്വീകരണം നൽകി

post

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിലുള്ള പച്ചത്തുരുത്തുകൾക്ക്‌ മുഖ്യമന്ത്രിയുടെ മൂന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ കണ്ണപുരം ഗ്രാമപഞ്ചായത്തിന് കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ പൗരസ്വീകരണം നൽകി. ദേവഹരിതം വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയ കണ്ണപുരം പ്രയാംകോട്ടം പച്ചത്തുരുത്ത്, സ്ഥാപനതല പച്ചത്തുരുത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടിയ കണ്ണപുരം പി എച്ച് സി പച്ചത്തുരുത്ത്, തദ്ദേശസ്ഥാപന വിഭാഗത്തിൽ പ്രത്യേക പുരസ്‌കാരം നേടിയ പഞ്ചായത്തിന്റെ സ്മൃതിവനം എന്നിവയ്ക്കുള്ള പുരസ്‌കാരകങ്ങളാണ് പഞ്ചായത്ത്‌ നേടിയത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രതി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വിദ്യ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി രാജൻ, പച്ചത്തുരുത്ത് സംരക്ഷണ സമിതി അംഗങ്ങളായ എം ലക്ഷ്മണൻ, സത്യാനന്ദൻ എന്നിവരാണ് തിരുവന്തപുരത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തത്.


പൗരസ്വീകരണത്തിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി രാജൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗം പ്രേമ സുരേന്ദ്രൻ അധ്യക്ഷയായി. കണ്ണപുരം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി രാമകൃഷ്ണൻ, സിപിഐ പ്രതിനിധി കെ കൃഷ്ണൻ, കൃഷി ഓഫീസർ യു പ്രസന്നൻ എന്നിവർ സംസാരിച്ചു.