കണ്ണൂർ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക്; വിളർച്ച മുതൽ കാൻസർ പരിശോധന വരെ സൗജന്യം

കണ്ണൂർ ജില്ലയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീ ക്ലിനിക്കുകള്‍ (STHREE) ആരംഭിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്ട്രെങ്തനിങ് ഹെർ ടു എംപവർ എവരിവൺ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്കുകൾ ഒരുങ്ങിയത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സ്ത്രീ ക്ലിനിക്കുകൾ പ്രവർത്തിക്കും. ആഴ്ചയിൽ ഒരു ദിവസം പി എച്ച് സി, എഫ് എച്ച് സി തലത്തിൽ പ്രത്യേക സെഷ്യാലിറ്റി ക്യാമ്പും സംഘടിപ്പിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകള്‍, വിദഗ്ധ സ്‌പെഷ്യലിസ്റ്റ് സേവനങ്ങള്‍ എന്നിവ ഉൾപ്പെടുത്തിയാണ് സ്ത്രീ ക്ലിനിക്കുകളിൽ ഒരുക്കിയിരിക്കുന്നത്.
വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, സ്തനാർബുദം, വായിലെ കാന്‍സര്‍ സ്‌ക്രീനിംഗ്, ക്ഷയം, തുടങ്ങിയവയും ശാരീരിക ആരോഗ്യ പരിശോധന, കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പ്, ഹീമോഗ്ലോബിൻ പരിശോധന, ആർത്തവ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കും.
അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും ക്യാമ്പയിന്റെ ഭാഗമായി നടക്കും. സെപ്റ്റംബർ 17 മുതൽ മാർച്ച് എട്ടു വരെയാണ് ക്യാമ്പയിൻ നടക്കുന്നത്. സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ എത്തി ആരോഗ്യ പരിശോധന നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.