സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത;'ഗൃഹസമൃദ്ധി വീട്ടമ്മയ്ക്കൊരു കൈത്താങ്ങ്' പദ്ധതിയുമായി പത്തനാപുരം

സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ 'ഗൃഹസമൃദ്ധി വീട്ടമ്മയ്ക്കൊരു കൈത്താങ്ങ്' പദ്ധതിയുമായി കൊല്ലം പത്തനാപുരം ബ്ലോക്ക്പഞ്ചായത്ത്. പിറവന്തൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, വിളക്കുടി, പത്തനാപുരം, തലവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വനിതാ വ്യക്തിഗത ഉപഭോക്താക്കളുടെ ക്ലസ്റ്റര്‍ ബ്ലോക്ക് തലത്തില്‍ രൂപീകരിച്ച് ഒരു കറവപശുവും എട്ടുമാസം പ്രായമായ പെണ്ണാടും 10 മുട്ടക്കോഴികളും നല്കുന്ന പദ്ധതിയാണിത്.
പശു വളര്‍ത്തലിന് പ്രോത്സാഹനം, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനവും വിപണനവും, ആട് - കോഴി വളര്‍ത്തലിലൂടെ അധികവരുമാനം, പുതിയ തലമുറയെ കാര്‍ഷിക വൃത്തിയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
ഗൃഹസമൃദ്ധി പദ്ധതിയിലൂടെ 60000 രൂപ വിലവരുന്ന ഒരു കറവപ്പശുവിനെയും 9000 രൂപ വിലവരുന്ന എട്ടുമാസം പ്രായമായ പെണ്ണാടിനെയും ബാങ്ക് ലോണ്‍ മുഖേനയാണ് നല്‍കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ഫാമില്‍ നിന്ന് 45 മുതല്‍ 60 ദിവസം വരെ പ്രായമായ 10 മുട്ടക്കോഴികളില്‍ ഒന്നിനെ 120 രൂപ നിരക്കിലും നല്കുന്നു. ചിലവാകുന്ന പകുതി തുക സബ്സിഡിയായി ആദ്യം തന്നെ നല്കുന്നു, പൂര്‍ണമായും ബാങ്ക് ലോണായി ഒരേ സമയം ഒരു കറവ പശുവും ഒരു പെണ്ണാടും 10 മുട്ടക്കോഴികളും വനിതകള്‍ക്ക് നല്‍കുകയാണ്.
വികസനഫണ്ടില്‍ നിന്നും 9,45000 രൂപയാണ് വിനിയോഗിക്കുക. കറവ പശുവിനെ 30000 രൂപ സബ്സിഡിയിലും പെണ്ണാടിനെ 4500 രൂപ സബ്സിഡിയിലും മുട്ടക്കോഴി കുഞ്ഞുങ്ങളെ 500 രൂപ സബ്സിഡിയിലുമാണ് നല്‍കുന്നത്. പദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് ലഭിക്കുന്നത് 35,000 രൂപ സബ്സിഡിയാണ്. പെണ്ണാടിനും കറവപ്പശുവിനും മുട്ടക്കോഴിക്കുമായി ഒരു ഗുണഭോക്താവിന് 70000 രൂപ ചിലവാകേണ്ടയിടത്ത് ഗൃഹസമൃദ്ധി പദ്ധതി വഴി ചിലവാകുന്നത് പകുതി തുകയായ 35000 മാത്രം.
തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളെ ചേര്‍ത്ത് ക്ലസ്റ്റര്‍ രൂപീകരിച്ച് പരിശീലനമുണ്ട്. ക്ഷീരസംഘങ്ങള്‍ വഴി പാല് വിപണത്തിന് സംവിധാനവും.
2020-21 മുതല്‍ 2024-25 വരെയുള്ള 5 വര്‍ഷങ്ങളിലായി 386 വനിതകള്‍ക്ക് കറവ പശുവിനെ വാങ്ങാനാണ് സഹായം നല്‍കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി രണ്ടു കോടി എഴുപത് ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ നല്കി. ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ സബ്സിഡി പദ്ധതിയ്ക്ക് മാത്രമായി ചിലവഴിച്ചു.
എല്ലാ വര്‍ഷങ്ങളിലും ശരാശരി ഒരു കോടി രൂപയാണ് ക്ഷീര മേഖലയ്ക്കായി പഞ്ചായത്ത് മാറ്റി വയ്ക്കുന്നത്. കൂടുതല്‍ കര്‍ഷകരും പാല് ഉല്പാദിപ്പിച്ചു പ്രാദേശികമായി വിപണനം നടത്തുന്നു. പാല് ഉത്പന്നങ്ങളായ തൈര്, നെയ്യ്, സിപ് അപ്പ്, പനീര്‍ എന്നിവ നിര്‍മിച്ചു വിപണനം നടത്തി കൂടുതല്‍ വരുമാനം നേടുന്നവരുമുണ്ട്. പദ്ധതിയുടെ വിപുലീകരണമാണ് ഇനി ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി പറഞ്ഞു