കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

post

വൈജ്ഞാനികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരം 2025  ഈ വർഷവും നൽകുവാൻ തീരുമാനിച്ചിട്ടുളളതാണ്. എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, ഡോ.കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്കാരം (ശാസ്ത്രം / ശാസ്ത്രേതരം), എം.പി കുമാരൻ സ്മാരക വിവർത്തന പുരസ്കാരം. എന്നീ മൂന്നു വിഭാഗങ്ങളിലായി , ഓരോ  ലക്ഷം രൂപയും ,  പ്രശസ്തി പത്രവും, ശിൽപവുമടങ്ങുന്ന  പുരസ്കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.

2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക  കൃതികളും,അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി / പോസ്റ്റ് പി എച്ച് ഡി ഗവേഷണ പ്രബന്ധങ്ങളുമാണ്  പുരസ്കാരങ്ങൾക്കായി പരിഗണിച്ചത്. ഓരോ വിഭാഗത്തിലും  മൂന്ന് വിദഗ്ദ്ധരും ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മെമ്പർ സെക്രട്ടറിയുമായ ജൂറികളാണ് വിധിനിർണയം നടത്തിയിട്ടുളളത്.


 1. എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം

ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ, ഭാഷാ സാഹിത്യ പഠനങ്ങൾ, സാമൂഹിക ശാസ്ത്രം , കല / സാംസ്കാരിക പഠനങ്ങൾ എന്നീ മേഖലകളിലുളള കൃതികൾക്കാണ് എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ,  പ്രശസ്തി പത്രവും, ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്.

പുരസ്കാരത്തിനായി ലഭിച്ച കൃതികളിൽ പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുത്ത 80 കൃതികൾ പരിശോധിച്ച വിധിനിർണ്ണയ സമിതി 2025 ലെ എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരത്തിന് ഏകകണ്ഠമായി തിരഞ്ഞെടുത്തിട്ടുളളത് ഡോ. ഗോപകുമാർ ചോലയിലിന്റെ  "ഉരുകുംകാലം : അതിതാപനവും അതിജീവനവും" എന്ന കൃതിയാണ്. മുന്നൂറ്റിയെൺപത് പുറങ്ങളുളള ഈ പുസ്തകത്തിൽ വർത്തമാന ലോകം ചർച്ച ചെയ്യുന്ന  ആഗോള പ്രശ്നത്തെ ഗഹനമായും വിപുലമായും അവതരിപ്പിക്കുന്നു. നമ്മുടെ പരിസ്ഥിതിയ്ക്കും ആവാസ വ്യവസ്ഥയ്ക്കും ഭൌമ ഘടനയ്ക്കുും ആഗോളതാപനം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും പ്രതിക്രിയകളും വ്യക്തമാക്കുന്ന ഈ ഗ്രന്ഥം വൈജ്ഞാനിക രംഗത്ത് ഈടുവെപ്പുളള സംഭാവനയാണ്. മലയാളത്തിന് കാലാവസ്ഥാശാസ്ത്രമെന്ന ജ്ഞാനമേഖലയെ പഠിക്കാനും പരിപോഷിപ്പിക്കാനും ഈ ഗ്രന്ഥം വഴിയൊരുക്കുന്നു. വിഷയ പ്രതിപാദനത്തിന് ലളിതവും കൃത്യവുമായ ഭാഷാശൈലി സ്വീകരിച്ചുവെന്നത് ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. അക്കാദമികവും സാമൂഹികവുമായി ഈ വിഷയത്തിന്റെ സമകാലിക പ്രസക്തി ബോധ്യപ്പെടുത്തുന്നതിൽ ഈ കൃതി വിജയിച്ചിട്ടുണ്ട്. വസ്തുതകളുടെ സമാഹരണത്തിലും വിശകലനത്തിലും ആധികാരികത വ്യക്തമാക്കുന്ന ഗ്രന്ഥമാണ്  '’ഉരുകുംകാലം : അതിതാപനവും അതിജീവനവും’ എന്ന് വിധിനിർണ്ണയ സമിതി വിലയിരുത്തി.


2. ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണ പുരസ്കാരം (ശാസ്ത്രം/ശാസ്ത്രേതരം)

ശാസ്ത്രം/ശാസ്ത്രേതരം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്.ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ / പോസ്റ്റ് ഡോക്ടറൽ ശാസ്ത്രം / ശാസ്ത്രേതരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോ, മറ്റു ഭാഷകളിൽ സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക്  പരിഭാഷപ്പെടുത്തിയതോ ആയ പ്രബന്ധങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. ഒരോ വിഭാഗത്തിനും അൻപതിനായിരം രൂപയും , പ്രശസ്തി പത്രവും, ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്. ഈ വർഷം ലഭിച്ച പ്രബന്ധങ്ങളിൽ ശാസ്ത്ര സംബന്ധിയായവ ലഭിക്കാത്ത സാഹചര്യത്തിൽ ശാസ്ത്രേതര  വിഭാഗം മാത്രമാണ് പരിഗണിച്ചത്.

പുരസ്കാരത്തിനായി ലഭിച്ച ഗവേഷണ പ്രബന്ധങ്ങളിൽ  പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുത്ത 20 പ്രബന്ധങ്ങൾ പരിശോധിച്ച വിധിനിർണ്ണയ സമിതി 2025 ലെ ഡോ.കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്കാരത്തിന് (ശാസ്ത്രേതരം) തിരഞ്ഞെടുത്തിട്ടുളളത് ഡോ. ഇന്ദുലേഖ കെ . എസ് ന്റെ  "ശില്പകലയും സംസ്കാരചരിത്രവും : കേരളത്തിലെ മാതൃകകൾ മുൻനിർത്തിയുളള പഠനം" എന്ന ഗവേഷണ പ്രബന്ധമാണ്. "ഈ പ്രബന്ധം കേരളത്തിലെ ശില്പമാതൃകകളെ കണക്കിലെടുത്ത്, ശില്പകല എങ്ങനെ സംസ്കാര ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു എന്ന് വിശദീകരിക്കുന്നു. ശില്പകലയുടെ ചരിത്രമായും സംസ്കാരചരിത്രത്തിന്റെ വിശകലനമായും ഇത് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. ഒതുക്കവും തെളിച്ചവുമുളള ഭാഷ, യുക്തിഭദ്രമായ പ്രതിപാദനശൈലി, സങ്കൽപ്പനങ്ങളെ നിർവചിച്ച് മുന്നേറേണ്ടതുണ്ട് എന്ന കണിശമായ ബോധ്യം, സാംസ്കാരികവിവക്ഷകൾ നിർദ്ധാരണം ചെയ്യാനുളള ശ്രദ്ധ, ചരിത്ര-സാംസ്കാരിക-കലാ സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തുന്നതിലെ സൂക്ഷ്മത, കലാപരിണാമാവബോധ, രീതിശാസ്ത്രരപരമായ വ്യക്തത, പ്രബന്ധശരീരത്തിലാകമാനം പ്രകടമാകുന്ന പഠന ലക്ഷ്യബോധം തുടങ്ങിയ ഗുണകണങ്ങൾ  ഈ പ്രബന്ധത്തെ അസാധാരണമാക്കുന്നു. പഠനവിഷയത്തെയും മാതൃകകളെയും വ്യവച്ഛേദിക്കുന്നതിൽ പുലർത്തിയ ജാഗ്രതയും എടുത്തുപറയേണ്ടതുണ്ട് . കേരള നവോത്ഥാനത്തിന്റെ ഉളളറകളിലേക്ക് നോട്ടമയക്കാനും പരിമിതികൾ കണ്ടറിയാനുമുളള ശ്രമത്തോടെയാണ് പ്രബന്ധം പൂർത്തിയാകുന്നത്. ആമുഖവും ഉപസംഹാരവും കൂടാതെ നാല് അധ്യായങ്ങളിലായി ഉചിതമായ ഉപശീർഷകങ്ങളോടെ പ്രബന്ധം ഭംഗിയായി ചിട്ടപ്പെടുത്തിയിരിക്കുന്നു.” എന്ന് വിധിനിർണ്ണയ സമിതി വിലയിരുത്തി.


3. എം. പി. കുമാരൻ സ്മാരക വിവർത്തന പുരസ്കാരം

ആംഗലേയ ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ഒരു ലക്ഷം രൂപയും , പ്രശസ്തി പത്രവും, ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്.

പുരസ്കാരത്തിനായി ലഭിച്ച വിവർത്തന കൃതികളിൽ  പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുത്ത 9 കൃതികളും അവയുടെ മൂലകൃതികളും  പരിശോധിച്ച വിധിനിർണ്ണയ സമിതി 2025 ലെ എം.പി.കുമാരൻ സ്മാരക വിവർത്തന പുരസ്കാരത്തിനായി Brinda Karat രചിച്ച  “ An Education for Rita: A Memoir 1975-1985 " യുടെ വിവർത്തനമായ ആർ. പാർവതിദേവിയുടെ യുടെ " റീത്തയുടെ പാഠങ്ങൾ : ഓർമ്മക്കുറിപ്പുകൾ 1975-1985 "  തിരഞ്ഞെടുത്തിരിക്കുന്നു. "വിവർത്തനലാളിത്യം, സ്ഥിരതയാർന്ന ശൈലി , ഭാഷാപ്രയോഗം എന്നിവ മൂലവും സാമുഹ്യവിജ്ഞാനത്തിൽ സമകാലികപ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്ന ഗ്രന്ഥമെന്ന നിലയിലും കൃതി മികച്ചതാണ്" എന്ന് വിധിനിർണയ സമിതി വിലയിരുത്തി.

പുരസ്കാരങ്ങൾ  2025 ഒക്ടോബർ മാസത്തിൽ നളന്ദയിലുളള വൈലോപ്പിളളി സംസ്കൃതിഭവനിലെ കൂത്തമ്പലത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുന്നതായിരിക്കും.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, പി. ആർ. ഒ. റാഫി പൂക്കോം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


2025 ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാര ജേതാക്കള്‍


എൻ .വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം 2025

ഡോ. ഗോപകുമാർ ചോലയിൽ ചോലയിൽ ഹൌസ് (നവനീതം) പൈപ്പ് ലൈൻ റോഡ് , മുല്ലക്കര കോട്ടേപ്പാടം, കെ. എ. യു.(പോസ്റ്റ്) തൃശൂർ  680656


കൃതി - ഉരുകുംകാലം : അതിതാപനവും അതിജീവനവും

(പ്രസാധകർ – കറന്റ് ബുക്സ്, തൃശൂർ)


ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണ പുരസ്കാരം 2025 (ശാസ്ത്രേതരം)

ഡോ. ഇന്ദുലേഖ കെ . എസ്, കോട്ടപ്പുറത്ത് വീട്, ഇരിങ്ങാലക്കുട പി ഒ, പിൻ 680125


ഗവേഷണ പ്രബന്ധം - ശില്പകലയും സംസ്കാരചരിത്രവും : കേരളത്തിലെ മാതൃകകൾ മുൻനിർത്തിയുളള പഠനം (ശ്രീ ശങ്കരാചാര്യ സംസ്കൃത സർവലാശാല-കാലടി )


എം. പി. കുമാരൻ സ്മാരക വിവർത്തന പുരസ്കാരം 2025

ശ്രീമതി. ആർ. പാർവതിദേവി 9, സുഭാഷ് നഗർ വളളക്കടവ് പി ഒ തിരുവനന്തപുരം


വിവർത്തന കൃതി- റീത്തയുടെ പാഠങ്ങൾ : ഓർമ്മക്കുറിപ്പുകൾ 1975-1985

(പ്രസാധകർ- ചിന്ത പബ്ലിഴേസ്)

മൂലകൃതി -An Education for Rita: A Memoir 1975-1985 by  Brinda കാരാട്ട്