വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരണം: വനം വകുപ്പ് ഹെൽപ് ഡെസ്കുകൾ സെപ്റ്റംബർ 16 മുതൽ

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനംവകുപ്പ് റേഞ്ച് ഓഫീസുകളിലും ഹെൽപ്പ് ഡെസ്കുകൾ സെപ്റ്റംബർ 16 ചൊവ്വാഴ്ച ആരംഭിക്കും.
വന്യജീവി ആക്രമണം അതിരൂക്ഷമായ കൊട്ടിയൂർ, കേളകം, അയ്യൻകുന്ന്, കണിച്ചാർ, ചെറുപുഴ, ഉദയഗിരി, പയ്യാവൂർ, ഉളിക്കൽ, പരിയാരം, ചിറ്റാരിപ്പറമ്പ്, പാട്യം, തൃപ്പങ്ങോട്ടൂർ, കോളയാട്, ആറളം പഞ്ചായത്തുകളിലാണ് സെപ്റ്റംബർ 30 വരെ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുക.
വനംവകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള പരാതികളും സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങളും ഹെൽപ്പ് ഡെസ്കുകൾ വഴി പൊതുജനങ്ങൾക്ക് സമർപ്പിക്കാം. വിളനാശം, നഷ്ടപരിഹാരം വൈകുന്നത്, സുരക്ഷാഭീഷണി എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ രേഖാമൂലം നൽകാൻ ഹെൽപ്പ് ഡെസ്കുകളിൽ സൗകര്യമുണ്ടാകും. പ്രാദേശിക തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് കൈമാറാനും തുടർനടപടികൾ സ്വീകരിക്കാനും ഇതുവഴി സാധിക്കും.
വന്യജീവി സംഘർഷത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിന് പിന്നാലെയാണു തീവ്രയജ്ഞ പരിപാടി ആരംഭിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇത് ലക്ഷ്യമിടുന്നു. പൊതുജനങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.