സുരക്ഷിതഭക്ഷണം ഉറപ്പാക്കാന്‍ ജൈവകൃഷിയിലേക്ക്; വിവിധ പദ്ധതികളുമായി തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്

post

സുരക്ഷിതഭക്ഷണം ഉറപ്പാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്. രാസവളങ്ങള്‍ പരിമിതപ്പെടുത്തി ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ‘മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി’ പദ്ധതിയിലൂടെ 200 കുടുംബങ്ങള്‍ക്ക് മണ്‍ചട്ടിയില്‍ നടീല്‍മിശ്രിതം നിറച്ച് പച്ചക്കറി തൈകള്‍ നട്ട് വിതരണം ചെയ്തു. നാല് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഒരു കുടുംബത്തിന് 75 ശതമാനം സബ്‌സിഡി നിരക്കില്‍ 10 മണ്‍ചട്ടികള്‍ വീതമാണ് നല്‍കിയത്. വെണ്ട, വഴുതന, തക്കാളി, പച്ചമുളക് എന്നിവയുടെ തൈകളാണുള്ളത്.

കൃഷി ഓഫീസര്‍ വീടുകള്‍തോറും സന്ദര്‍ശിച്ച് വിളപരിപാലനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിപരിപാലനം ഉറപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷവും 8,16,000 രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.

'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയിലൂടെ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് വനിതാ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 75% സബ്‌സിഡി നിരക്കില്‍ തൈകള്‍ നല്‍കി. ഓരോ ഗ്രൂപ്പിനും വെണ്ട, തക്കാളി, പച്ചമുളക്, അമര, വഴുതന എന്നിവയുടെ 2575 തൈകളും 500 കിലോ ജൈവവളവും 70 കിലോ കുമ്മായവുമാണ് വിതരണംചെയ്തത്.

വ്യവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ 3,35,625 രൂപ വകയിരുത്തി. പദ്ധതിപ്രകാരം തൊടിയൂര്‍ പാടശേഖരത്തില്‍ മൂന്ന് ഹെക്ടര്‍ സ്ഥലത്ത് ആറ് ടണ്‍ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിച്ചു. വിളവെടുത്ത പച്ചക്കറികള്‍ കുറ്റിപ്പുറം, ചക്കുവള്ളി, തഴവ എന്നിവിടങ്ങളിലെ ആഴ്ച ചന്തകളില്‍ വിറ്റഴിച്ച് വ്യക്തിഗതമായി 30,000 രൂപ വരെ വരുമാനം ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷവും 1,82,500 രൂപ  വകയിരുത്തിട്ടുണ്ട്.

നാളികേര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നിതിനായി  കേരകര്‍ഷകര്‍ക്ക് ജൈവവളവും കുമ്മായവും വിതരണം ചെയ്തു. 149 കര്‍ഷകര്‍ക്ക് 75 ശതമാനം സബ്‌സിഡിയില്‍ 30 കിലോ ജൈവവളവും കുമ്മായവും നല്‍കി. ഈ സാമ്പത്തിക വര്‍ഷവും 4,00,800 രൂപ വകയിരുത്തിയിട്ടുണ്ട്.

375 കര്‍ഷകര്‍ക്ക് ആറ് വീതം കുറ്റികുരുമുളക് തൈകളും നടീല്‍ മിശ്രിതവും വിതരണം ചെയ്തു. 2024-25 സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ടില്‍ നിന്നും 4,14,000 രൂപ വകയിരുത്തിയാണ് നടപ്പാക്കിയത്. 25 ശതമാനമാണ് ഗുണഭോക്തൃവിഹിതം. ചട്ടിയിലോ ഗ്രോബാഗിലോ കുറ്റികുരുമുളക് വളര്‍ത്താനാകും.  

പഞ്ചായത്തിലെ 375 കര്‍ഷകര്‍ക്ക് 75 ശതമാനം സബ്‌സിഡിയില്‍ ഇഞ്ചിവിത്ത് വിതരണംചെയ്തു. കഴിഞ്ഞവര്‍ഷം 15 ടണ്‍ ഇഞ്ചി ഉല്പാദിപ്പിച്ച് വിറ്റഴിച്ച് ഓരോ കര്‍ഷകര്‍ക്കും  10,000 രൂപ വരെ വരുമാനവും ലഭിച്ചു. ഗ്രാമത്തെ മുഴുവന്‍ ജൈവകൃഷിയിലേക്ക് കൊണ്ടുവരാന്‍ തുടര്‍ വര്‍ഷങ്ങളിലും പദ്ധതികള്‍ ഒരുക്കുമെന്ന് തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാര്‍ അറിയിച്ചു