ഡിജിറ്റല്‍ കാറ്റ്‌ലോഗ്: ചരിത്രം രചിച്ച് എറിയാട് അബ്ദു റഹ്മാന്‍ ലൈബ്രറി

post

തൃശൂര്‍ : കോവിഡ് കാലത്ത് കേരളത്തിലെ ഗ്രാമീണ വായനശാലകള്‍ക്കിടയില്‍ ചരിത്രം രചിച്ചിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ എറിയാട് മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ് ഗ്രന്ഥശാല.ജനങ്ങള്‍ക്ക് വായന കൂടുതല്‍ എളുപ്പമാക്കാന്‍ ഡിജിറ്റല്‍ കാറ്റ്‌ലോഗ് നിര്‍മ്മിച്ചാണ് എം എ എല്‍ സി റെക്കോര്‍ഡ് സൃഷ്ടിച്ചത്. കേരളത്തിലെ 8000ത്തിലധികം വരുന്ന ഗ്രാമീണ വായനശാലകളില്‍ ആദ്യത്തെ ഡിജിറ്റല്‍ കാറ്റലോഗാണിത്. എംഎഎല്‍സിയിലെ 14000 പുസ്തകങ്ങളുടെ കാറ്റ്‌ലോഗ് ഇനി മുതല്‍ http:yqyqsayahna.org.ml.pdf.malc-catalog.pdf ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇതില്‍ പതിനായിരത്തിലധികം വരുന്നത് മലയാള ഗ്രന്ഥങ്ങള്‍ മാത്രമാണ്. അഡോബ് ആക്രോബാറ്റ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മൊബൈലിലേക്ക് ഇത് എളുപ്പത്തില്‍ പകര്‍ത്താന്‍ സാധിക്കും. ഇന്ത്യന്‍ വായനശാലകളില്‍ തന്നെ അപൂര്‍വമാണ് ഇതെന്ന് സാങ്കേതിക സഹായം നിര്‍വ്വഹിച്ച ഭാഷാ സാങ്കേതിക വിദഗ്ധന്‍ കൂടിയായ കെ എച്ച് ഹുസൈന്‍ പറയുന്നു.

ലോക്ക് ഡൗണില്‍ നിശ്ചലമായ കേരളത്തില്‍ ഈ ഡിജിറ്റല്‍ കാറ്റ്‌ലോഗ് ഉപയോഗിച്ച് ആളുകള്‍ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വായനശാലയില്‍ നിന്ന് പഞ്ചായത്തില്‍ വിതരണം ചെയ്യാന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ പി രാജന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്. പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 9946413588, 9946148385, 9744815856 എന്നീ നമ്പറുകളില്‍ വളണ്ടിയര്‍മാരുടെ സേവനം ആവശ്യപ്പെടാം. ഒരു വര്‍ഷം മുന്‍പാണ് കേരളത്തിലെ ഗ്രാമീണ വായനശാലകളിലെ ആദ്യത്തെ ഡിജിറ്റല്‍ കാറ്റ്‌ലോഗ് എന്ന ദൗത്യത്തിന് ലൈബ്രറി പ്രസിഡന്റ് കറുകപ്പാടത്ത് മുഹമ്മദിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിക്കുന്നത്. ഓളം ഡിക്ഷ്ണറിയിലെ കൈലാസനാഥ്, നാട്ടുകാരായ റഷീദ് പി എം, നസീര്‍ പുത്തന്‍ചാല്‍, സിയാവുദ്ദീന്‍ കെ എം എന്നിവരില്‍നിന്ന് സമാഹരിച്ച ഫണ്ടായിരുന്നു മുതല്‍ മുടക്ക്. സാങ്കേതിക സഹായം നിര്‍വഹിച്ച കെ എച്ച് ഹുസൈന് പുറമേ കെ പി സത്യന്‍, കെ എ നജീബ്, ലിന്‍സി വില്‍സണ്‍, ധന്യ സി എസ് എന്നിവരും സാങ്കേതിക സഹായത്തിന് കൂട്ടുവന്നു. കെ എം ഗോപി മലയാള ഗ്രന്ഥസൂചികയ്ക്കായി വര്‍ഗ്ഗീകരണം ചിട്ടപ്പെടുത്തി. മൊബൈല്‍ ലൈബ്രറി കാറ്റലോഗ് സാദ്ധ്യമാക്കാനായി സി.വി. രാധാകൃഷ്ണന്‍ (സായാഹ്ന ഫൗണ്ടേഷന്‍ http://www.sayahna.org/) നൂതന പി.ഡി.എഫ്. സാങ്കേതികത വികസിപ്പിച്ചെടുത്തു. നജീബ് തയ്യാറാക്കിയ 'കോഹ' ഓണ്‍ലൈന്‍ കാറ്റ്‌ലോഗ് അപ്ലോഡ് ചെയ്യുന്നത് കൈലാഷ്‌നാഥാണ് (www.malc.site). എന്നാല്‍ ഈ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച മുഹമ്മദിന് പക്ഷേ, ഡിജിറ്റല്‍ കാറ്റലോഗ് രൂപപ്പെട്ടു വന്നത് കാണാന്‍ യോഗമുണ്ടായില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് സംഭവിച്ച അദ്ദേഹത്തിന്റെ വിയോഗം കാറ്റ്‌ലോഗ് യാഥാര്‍ത്ഥ്യമായത്തിന്റെ സന്തോഷത്തിലും അണിയറ പ്രവര്‍ത്തകരെ സങ്കടപ്പെടുത്തുന്നു.