പറശ്ശിനിക്കടവ്-മാട്ടൂല്‍ റൂട്ടില്‍ ആധുനിക സജ്ജീകരണത്തോടെ ബോട്ട് സര്‍വീസ് ഒരുങ്ങുന്നു

കെ.വി. സുമേഷ് എം.എല്‍.എ സന്ദര്‍ശനം നടത്തി
പറശ്ശിനിക്കടവ് -അഴീക്കല്‍ - മാട്ടൂല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്ന രണ്ടു ബോട്ടുകള്‍ അഴീക്കല്‍ തുറമുഖത്ത് എത്തി. സംസ്ഥാന ജലഗതാഗത വകുപ്പ് നിര്‍മ്മിച്ച് ആലപ്പുഴയില്‍ നിന്നും അഞ്ച് ദിവസം യാത്ര ചെയ്ത് അഴീക്കല്‍ തുറമുഖത്ത് എത്തിയ ബോട്ടുകള്‍ കെ.വി സുമേഷ് എം.എല്‍.എ സന്ദര്‍ശിച്ചു. ബോട്ട് സര്‍വീസ് കാര്യക്ഷമമാക്കുന്നതിനൊപ്പം പാസഞ്ചര്‍ കം ടൂറിസം എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ബോട്ടുകള്‍ തയ്യാറാക്കിയതെന്ന് എം എല്‍ എ പറഞ്ഞു. ഇരു ബോട്ടുകളിലും അല്‍പദൂരം യാത്രചെയ്ത എം എല്‍ എ ബോട്ടുികളിലെ ഇരട്ട എന്‍ജിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിലയിരുത്തി.
ജില്ലയില്‍ തന്നെ ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന പ്രധാന ബോട്ട് സര്‍വീസായ അഴീക്കല്‍ - മാട്ടൂല്‍ ഫെറി - പറശ്ശിനിക്കടവ് അഴീക്കല്‍-മാട്ടൂല്‍ സര്‍വീസ് കാര്യക്ഷമമാക്കുന്നതിനും കാലപ്പഴക്കം സംഭവിക്കുന്ന മരബോട്ടുകള്‍ മാറ്റി ആധുനിക നിലവാരമുള്ള സോളാര്‍ ബോട്ടുകളും കറ്റമറെയിന്‍ ബോട്ടുകള്‍ അനുവദിക്കണമെന്നും കെ.വി.സുമേഷ് എം.എല്‍.എ 2024 ലെ നിയമസഭ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ബോട്ടിലെ സ്ഥിരം യാത്രക്കാരും അഴീക്കലിലെ ജനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എല്‍.എയ്ക്ക് നിവേദനം നല്‍കിയിരുന്നു. സബ് മിഷന്റെ മറുപടിയായി ഗതാഗത വകുപ്പ് മന്ത്രി ബോട്ടുകള്‍ അനുവദിക്കാം എന്ന് ഉറപ്പു നല്‍കുയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് രണ്ട് പുതിയ ബോട്ടുകള്‍ അനുവദിച്ചത്. അടുത്ത ദിവസം തന്നെ ബോട്ടുകള്‍ പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനലില്‍ എത്തുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാര്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെ ചേര്‍ന്ന് സര്‍വീസ് ഉദ്ഘാടനം ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു.
അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, വാര്‍ഡ് മെമ്പര്‍ ഷബീന, സ്റ്റേഷന്‍ മാസ്റ്റര്‍ കെ.വി സുരേഷ്, ഓഫീസ് സ്റ്റാഫുകളായ വി.പി മധുസൂദനന്‍, പി സനില്‍, പറശ്ശിനി കണ്ട്രോള്‍ ഓഫീസര്‍ കെ.കെ.കൃഷ്ണന്‍, മെക്കാനിക്ക് എന്‍.പി.അനില്‍കുമാര്‍, ദിജേഷ്, ബോട്ട് ജീവനക്കാരായ ദിലീപ് കുമാര്‍, എം.സന്ദീപ്, ബി.ടി.ടോണ്‍, എന്‍.കെ.സരീഷ്, സി.അഭിലാഷ്, കെ.സുമേഷ്, പി.കെ സജിത്ത്, പി.സജീവന്‍, കെ പുരുഷോത്തമന്‍ എന്നിവരും എംഎല്‍എക്കൊപ്പമുണ്ടായിരുന്നു.
ആധുനിക സജ്ജീകരണങ്ങളോടെ ബോട്ട്
സുഗമവും സുരക്ഷിതവുമായ യാത്രക്ക് ആറ് ഹള്ളുകള്‍ ഉള്ള കറ്റമറെയിന്‍ ഉള്ളതാണ് ബോട്ടുകള്‍. ആറ് ഹള്ളുകളില്‍ ഏതെങ്കിലും ഒന്നില്‍ വെള്ളം കയറിയാല്‍ അലാറം ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഉടന്‍തന്നെ വെള്ളം നീക്കം ചെയ്യാനും സാധിക്കും. ഇരട്ട എന്‍ജിനുകള്‍,ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റം, ആഴം അറിയാനുള്ള എക്കോ സൗണ്ട്, മ്യൂസിക് സൗണ്ട് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം ടോയ്‌ലറ്റ് സംവിധാനവും ലൈഫ് ജാക്കറ്റുകളും ബോട്ടിലുണ്ട്. ഒരേസമയം 100 യാത്രക്കാര്‍ക്കും അഞ്ച് ജീവനക്കാര്‍ക്കും ബോട്ടില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ഐ ആര്‍ എസ് സര്‍ട്ടിഫിക്കറ്റ് ബോട്ടുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. മുന്‍പിലും പിറകിലും യാത്രക്കാര്‍ക്ക് നിന്നു കാഴ്ചകള്‍ കാണാന്‍ സാധിക്കുന്ന ഡെക്കുകളാണ് ബോട്ടുകളുടെ മുഖ്യ ആകര്‍ഷണം. ഇരുവശത്തും ഗ്ലാസുകള്‍ ഉള്ളതിനാല്‍ യാത്രക്കാര്‍ക്ക് ഇരുന്നും കാഴ്ചകള്‍ കാണാനാകും. മുകളില്‍ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും ചുരുങ്ങിയ ചെലവില്‍ കാഴ്ചകള്‍ കാണാനും യാത്ര ചെയ്യാനുമുള്ള സൗകര്യമാണ് ലഭ്യമാകുന്നത്. രാവിലെ 6:30 മുതല്‍ രാത്രി 7:30 മണി വരെയാണ് സര്‍വീസ് നടത്തുക. രാവിലെ 9:30 ന്ന് പറശ്ശിനിക്കടവില്‍ തുടങ്ങുന്ന സര്‍വീസ് വളപട്ടണം അഴീക്കല്‍ മാട്ടൂല്‍ തിരിച്ച് ഒരു മണിക്ക് പറശ്ശിനിക്കടവ് എത്തും. ഒന്നരമണിക്കൂര്‍ യാത്രയ്ക്ക് 60 രൂപയാണ് ഈടാക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് പറശ്ശിനിക്കടവ് മുതല്‍ വളപട്ടണം വരെയുള്ള സര്‍വീസിന് 40 രൂപയാണ് ചാര്‍ജ്.
വിദ്യാര്‍ഥികള്‍ക്കായി പഠനയാത്രകള്‍
ദിവസേന 50 ഓളം വിദ്യാര്‍ഥികളാണ് ഇതുവഴി ബോട്ട് സര്‍വീസ് ഉപയോഗപ്പെടുത്തുന്നത്. ഇവര്‍ക്ക് പാസ് ഉള്‍പ്പെടെ നല്‍കി യാത്ര ഇളവും ലഭ്യമാക്കുന്നുണ്ട്. ബോട്ടുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതോടെ സ്‌കൂളില്‍ നിന്നും പഠനയാത്രയ്ക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് പകുതി വിലയ്ക്കും സര്‍വീസ് നല്‍കാനാകം. 9847210511, 9447458867 നമ്പറുകളില്‍ പ്രീ ബുക്കിങ്ങുകള്‍ ചെയ്ത് വിനോദയാത്രകള്‍ നടത്താം.