മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ള പദ്ധതിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്തു

post

പത്തനംതിട്ട വള്ളിക്കോട് പഞ്ചായത്തിലെ മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ  കുടിവെള്ള പദ്ധതിയും  അംബേദ്കര്‍ ഗ്രാമം പദ്ധതിയും പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി  ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. പട്ടികജാതി കോര്‍പ്പസ് ഫണ്ട് 1.62 കോടി രൂപ ചെലവഴിച്ചാണ് മൂര്‍ത്തിമുരുപ്പ് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കിയത്. അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് ഒരു കോടി രൂപയാണ് അനുവദിച്ചത്.

അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ  കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വകുപ്പ് മന്ത്രിക്ക് എംഎല്‍എ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.

അച്ചന്‍കോവില്‍ ആറിലെ താഴുക്കടവ് ഇന്‍ ടെക്ക് പമ്പ് ഹൗസില്‍ നിന്നും 30 എച്ച്പി മോട്ടോറിലൂടെ ഉയര്‍ന്ന പ്രദേശമായ മൂര്‍ത്തിമുരിപ്പ്  ഉന്നതിയില്‍ കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി.  ഉന്നതിയിലേക്കുള്ള ഗ്രാമീണ റോഡുകള്‍, ഇടവഴികള്‍  എന്നിവയുടെ നിര്‍മാണം, വീടുകളുടെ അറ്റകുറ്റപണി, സംരക്ഷണ ഭിത്തി തുടങ്ങിയവയാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ടത്.  ജില്ലാ നിര്‍മിതികേന്ദ്രം ആയിരുന്നു നിര്‍വഹണ ഏജന്‍സി.

വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍,  ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന രാജന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സന്‍ എം വി.ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി ജോണ്‍സണ്‍,

ഗീത കുമാരി, ലക്ഷ്മി, അഡ്വ തോമസ് ജോസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജു നെടുവംപ്പുറം, ബൈജു വടക്കേടത്ത്, സി.സുമേഷ്, പട്ടികജാതി വകുപ്പ് ജില്ലാ ഓഫീസര്‍ ദിലീപ് എന്നിവര്‍ പങ്കെടുത്തു