മൂഴിയാറിലെ 46 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഇടമൊരുങ്ങുന്നു

post

പുനരധിവാസത്തിന് നാല് ഏക്കര്‍ ലഭ്യമാക്കുമെന്ന് മന്ത്രി ഒ. ആര്‍. കേളു

പത്തനംതിട്ട മൂഴിയാറിലെ 46 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് സ്ഥലം ഒരുക്കുമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു. മൂഴിയാറിലെ മലമ്പണ്ടാരം കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച്  മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കെഎസ്ഇബിയുടെ കൈവശമുള്ള വനം വകുപ്പിന്റെ നാല് ഏക്കര്‍ ഭൂമി ലഭ്യമാക്കും. പട്ടികവര്‍ഗ വകുപ്പും കെഎസ്ഇബിയും വനംവകുപ്പും ഇത് സംബന്ധിച്ച് കരാര്‍ തയ്യാറാക്കും. വര്‍ഷങ്ങളായി വനാന്തരത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഉപജീവനവും അടിസ്ഥാന സൗകര്യവും വകുപ്പ് ഉറപ്പാക്കും. നിലവില്‍ ശബരിഗിരി പദ്ധതിയോടനുബന്ധിച്ച് കെഎസ്ഇബിയുടെ കൈവശമുള്ള ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിന് മുമ്പ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചു. വനവകാശനിയമ പ്രകാരം 38 കുടുംബങ്ങള്‍ക്ക് ലഭിച്ച ഒരേക്കര്‍ ഭൂമിയും ഉടന്‍ കൈമാറും.

മൂഴിയാര്‍ കെഎസ്ഇബി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ചേര്‍ന്ന യോഗത്തില്‍ കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാര്‍, ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, പട്ടികവര്‍ഗവികസന വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.