അഭയകേന്ദ്രത്തില്‍ വിഷുസദ്യയൊരുക്കി നഗരസഭ; കൈനീട്ടവുമായി വിദ്യാര്‍ത്ഥികളും

post

തൃശൂര്‍ : തെരുവില്‍ അലഞ്ഞു നടന്നിരുന്നവര്‍ക്കായി കൊടുങ്ങല്ലൂര്‍ നഗരസഭ ഒരുക്കിയിട്ടുള്ള സുരക്ഷാകേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് കൊടുങ്ങലൂര്‍ നഗരസഭയുടെ വക വിഷു സദ്യ. വിഷുക്കൈനീട്ടവുമായി വിദ്യാര്‍ഥികളും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിരാലംബര്‍ക്കായി കൊടുങ്ങല്ലൂര്‍ ഗവ.ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരുക്കിയിട്ടുള്ള സുരക്ഷാകേന്ദ്രത്തിലാണ് വിഷുസദ്യയും വിഷുക്കൈനീട്ടവും നല്‍കി അന്തേവാസികളെ സന്തോഷിപ്പിച്ചത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് സദ്യ സ്പോണ്‍സര്‍ ചെയ്തത്. കാവില്‍ക്കടവ് ചുള്ളിപ്പറമ്പില്‍ ബൈജുവിന്റെ മക്കളായ കൃഷ്ണേന്ദുവും അമലേന്ദുവുമാണ് അന്തേവാസികളായ അമ്പതോളം പേര്‍ക്ക് 101 രൂപ വീതം വിഷുക്കൈനീട്ടം നല്‍കി മാതൃക കാണിച്ചത്. അപ്പൂപ്പനായ പ്രകാശനും കുട്ടികളോടൊപ്പം കേന്ദ്രത്തിലെത്തിയിരുന്നു. വിഷു ആഘോഷിക്കുന്നതിന് കരുതി വെച്ചിരുന്ന പണമാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കി കൈനീട്ടം നല്‍കിയത്. തങ്ങള്‍ നഗരത്തിലും സ്‌കൂളിലും മറ്റും പോകുമ്പോള്‍ വഴിയരികില്‍ കാണാറുള്ള അപ്പൂപ്പന്‍മാരാണ് അഭയകേന്ദ്രത്തിലുള്ളതെന്നും അതുകൊണ്ടാണ് ഇവിടെ വന്ന് കൈനീട്ടം നല്‍കുവാന്‍ ആഗ്രഹിച്ചതെന്നും കുട്ടികള്‍ പറഞ്ഞു. 

കൃഷ്ണേന്ദു ആലുവ യു. സി. കോളേജില്‍ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനിയും അമലേന്ദു കൊടുങ്ങല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമാണ്. പാചക വിദഗ്ദ്ധരായ നന്ദുവും സഹായിയായ രതീഷുമാണ് സദ്യയ്ക്കുള്ള വിഭവങ്ങള്‍ ഒരുക്കിയത്. അമ്പതോളം പേരാണ് ഇവിടെ അന്തേവാസികളായിട്ടുള്ളത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. ബെന്നി ബഹനാന്‍ എം.പി. വിഷു ദിനത്തില്‍ രാവിലെ കേന്ദ്രത്തില്‍ എത്തിയിരുന്നു. നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, സെക്രട്ടറി ടി.കെ.സുജിത്, പോലീസ് ഉദ്യോഗസ്ഥരായ ഹബീബ്, സി.എം. ജ്യോതിഷ്‌കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രൂപ, കൗണ്‍സിലര്‍മാര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ അന്തേവാസികള്‍ക്കൊപ്പം വിഷുസദ്യയില്‍ പങ്കെടുത്തു.