ക്ഷീരമേഖലയിലൂടെ പത്താനാപുരം ബ്ലോക്ക്പഞ്ചായത്തിന് ‘എ പ്ലസ്’

post

കൊല്ലം പത്തനാപുരം മേഖലയിലെക്ഷീരകര്‍ഷകര്‍ക്ക് തണലാകുംവിധം നടപ്പിലാക്കിയ പദ്ധതികളിലൂടെ എ പ്ലസ് ഗ്രേഡ് അംഗീകാരനിറവിലാണ് പത്തനാപുരം ബ്ലോക്ക്പഞ്ചായത്ത്. നടപ്പിലാക്കിയ നൂതന പദ്ധതികളാണ് അംഗീകാരത്തിന് പിന്നിലുള്ളത്. തൃണകം പദ്ധതിയിലൂടെ നേട്ടത്തിന്റെ നാള്‍വഴികള്‍ക്ക് പിന്തുണ ഉറപ്പാക്കുന്നുമുണ്ട്. പച്ചപ്പുല്ലിന് ദൗര്‍ലഭ്യം നേരിടുന്ന മേഖലയില്‍ പശുക്കള്‍ക്ക് വൈക്കോലും പച്ചപുല്ലും സൈലേജും സബ്‌സിഡിയോടെ ലഭ്യമാക്കുന്ന പദ്ധതിയാണിത്.  

പച്ചപ്പുല്ലിന്റെക്ഷാമം പശുക്കളുടെ പാല്‍ലഭ്യത കുറയ്ക്കുന്നതിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ കൂടുതല്‍ വിലനല്‍കി കാലിത്തീറ്റ വാങ്ങുന്നത് പരിമിതപ്പെടുത്തിയാണ് ലാഭം ഉറപ്പാക്കുന്നത്.  പാല്‍ ഉല്‍പാദന വര്‍ധനവ്, വരള്‍ച്ചാ സംബന്ധമായി പശുക്കള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം, പരിമിതപ്പെടുത്തിയ തീറ്റചെലവ്, പശുവളര്‍ത്തല്‍ ആകര്‍ഷകമായ തൊഴിലാക്കി മാറ്റുക തുടങ്ങിയവയാണ്  ലക്ഷ്യങ്ങള്‍. വൈക്കോല്‍ നല്‍കുന്നതിലൂടെ ശരിയായ ദഹനപ്രക്രിയ ഉറപ്പാക്കുന്നു.  ചോളത്തിന്റെ പച്ചത്തണ്ടായ സൈലേജും, പച്ചപുല്ലും നല്‍കുന്നതിലൂടെ കൂടുതല്‍ പാലും ലഭിക്കും.

പൊതുവിപണിയില്‍ ഒരു കിലോയ്ക്ക് എട്ടു  രൂപ വിലവരുന്ന വൈക്കോല്‍ നാലു രൂപയ്ക്കും കിലോയ്ക്ക് ആറ് രൂപ വിലവരുന്ന പച്ചപ്പുല്ല്,  സൈലേജ് എന്നിവ  മൂന്നു രൂപയ്ക്കുമാണ് തൃണകം പദ്ധതി വഴി ലഭ്യമാക്കുന്നത്.  ഒരു കറവപ്പശുവില്‍ നിന്നും 10 ലിറ്റര്‍ വരെ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകന് ഒരു ദിവസം അഞ്ചു കിലോ വൈക്കോല്‍/20 കിലോ പച്ചപ്പുല്ല്/ഏഴ് കിലോ സൈലേജ് എന്നിങ്ങനെ കണക്കാക്കിയാണ് സബ്‌സിഡി നല്‍കുന്നത്.

കര്‍ഷകന്‍ 10,000 രൂപ മുടക്കി സാധനങ്ങള്‍ വാങ്ങുമ്പോള്‍ 5,000 രൂപ സബ്‌സിഡിയായി തിരികെനല്‍കും; ബില്ല് ക്ഷീരസംഘം സെക്രട്ടറിക്ക് സമര്‍പ്പിക്കുന്നതോടെ സബ്‌സിഡിതുക കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭ്യമാകും.  8,46,667 രൂപയാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി മാറ്റി വച്ചിട്ടുള്ളത്.  27 ക്ഷീരോല്‍പാദക സംഘങ്ങളില്‍ രജിസ്റ്റര്‍ചെയ്ത പാല്‍അളക്കുന്ന കര്‍ഷകരില്‍നിന്ന് ഗ്രാമപഞ്ചായത്തുകള്‍ വഴിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.  ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന വൈക്കോല്‍ വലിയ വില കൊടുത്ത് വാങ്ങുമ്പോള്‍ ക്ഷീരകര്‍ഷകര്‍ നേരിടുന്ന സാമ്പത്തികനഷ്ടം ഇല്ലാതാക്കാനും പദ്ധതി ഉപകാരപ്പെടുന്നു.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി തൃണകം പദ്ധതി പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വിജയകരമായി നടപ്പിലാക്കി മുന്നോട്ടാണ്. പിറവന്തൂര്‍, വിളക്കുടി, തലവൂര്‍, പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളില്‍ നിന്ന്  ആയിരത്തോളം കര്‍ഷകര്‍ ഗുണഭോക്താക്കളാണ്. 2025-26 സാമ്പത്തിക വര്‍ഷം 1,200 ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതിപ്രകാരം ആനുകൂല്യം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ആനന്ദവല്ലി പറഞ്ഞു.