കേരളം സ്വന്തം വീടു പോലെയെന്ന് ഓണാഘോഷത്തിന് എത്തിയ അതിഥികൾ

ദൈവത്തിന്റെ സ്വന്തം നാടായ കേരളം സ്വന്തം വീട് പോലെയാണെന്ന് വിദേശ വിനോദസഞ്ചാരികൾ. ലോകത്തെമ്പാടുമുള്ളവർക്ക് വിനോദസഞ്ചാരത്തിന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും ഹൃദ്യമായ ഇടമാണ് കേരളമെന്നും ടൂറിസം വകുപ്പിന്റെ അതിഥികളായി ഓണാഘോഷത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ പറഞ്ഞു. മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളും സമ്പന്നമായ സംസ്‌കാരവും രുചിയൂറും ഭക്ഷ്യവിഭവങ്ങളും എല്ലാവരുടേയും ഒരുമയും അൽഭുതപ്പെടുത്തിയതായും വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി മാസ്‌കറ്റ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ അവർ മനസ്സ് തുറന്നു. സ്വന്തം രാജ്യങ്ങളിൽ കേരളത്തിന്റെ അംബാസഡർമാരാകണമെന്ന് അതിഥികളോട് മന്ത്രി പറഞ്ഞു.
അച്ചപ്പം മുതൽ പുലികളിവരെയുള്ള ഓർമകൾ സമ്മാനിക്കുന്ന കേരളം സ്വന്തം വീട് പോലെയാണെന്ന് ആഗോള ഉത്തരവാദിത്ത ടൂറിസം ലീഡേഴ്സിൽ ഒരാളും തായ്‌ലൻഡുകാരിയുമായ ഡോ. ഓംക്രിസ പറഞ്ഞു. വിനോദസഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ് ഹോംസ്റ്റേ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും അവർ പറഞ്ഞു.സ്വന്തം രാജ്യമായ ഇന്തോനേഷ്യ പോലെ സമാനമായ ചില ഇടങ്ങൾ ഇവിടെയുണ്ടെന്നാണ് ലെനി ഹാത്തക്കു പറയാനുണ്ടായിരുന്നത്.
ടൂറിസം വിപണനത്തിൽ കേരളത്തെ ഒരു ബ്രാൻഡായി നിലനിർത്തുന്നതിനുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി രാജ്യത്തിനകത്തും വിദേശത്തുമായി ടൂറിസം വകുപ്പ് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയിച്ച കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ 30 പേരും ഉത്തരവാദിത്ത ടൂറിസം മിഷന്റെ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി പത്ത് രാജ്യങ്ങളിൽ നിന്നെത്തിയ 13 പേരും കൂടിക്കാഴ്ചയുടെ ഭാഗമായി. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനും ഉത്തരവാദിത്ത ടൂറിസം മിഷൻ സിഇഒ കെ രൂപേഷ്‌കുമാറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.