ലോക സാക്ഷരതാദിനത്തിൽ അക്ഷരസംഗമം സംഘടിപ്പിച്ചു

ലോക സാക്ഷരതാദിനാചരണത്തിന്റെ ഭാഗമായി സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ അക്ഷരസംഗമം നടത്തി.ആലപ്പുഴ പാണാവള്ളി അരയൻകാവിൽ നടന്ന അക്ഷര സംഗമം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത ടീച്ചർ ഉദ്ഘാടനം ചെയ്തു. പാണാവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ കുഞ്ഞുമോൻ അധ്യക്ഷനായി. സാക്ഷരതാമിഷൻ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ വി രതീഷ്, അസിസ്റ്റന്റ് പ്രോജക്ട് കോർഡിനേറ്റർ എസ് ലേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധന്യ സന്തോഷ്, ശാലിനി സമീഷ്, സാക്ഷരത പ്രേരക്മാരായ കെ.കെ രമണി, സണ്ണി ജോൺ തുടങ്ങിയവർ സംസാരിച്ചു.
ഹയർ സെക്കൻഡറി തുല്യതാപരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രുതിമോളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.
ഡിജി കേരളം പദ്ധതിയിലൂടെ കേരളത്തിൽ 2187966 പേരാണ് ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 21 ന് കേരളം ഡിജിറ്റൽ സാക്ഷരത നേടിയതിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. ആലപ്പുഴ ജില്ലയിൽ മുഴുവൻ പേരെയും ബിരുദ പഠനത്തിലേക്ക് എത്തിക്കാനായി ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വകലാശാലയുമായി ചേർന്നുള്ള ബിരുദ പഠന കോഴ്സിൻ്റെ രജിസ്ട്രേഷൻ നടന്നു വരികയാണ്. അക്ഷരപഠനത്തിൻ്റെ കാര്യത്തിൽ അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ 'ഉല്ലാസ്' കേരളത്തിൽ നടന്നു വരുന്നുണ്ടെന്നും ജില്ല സാക്ഷരതാ മിഷൻ പ്രോജക്ട് കോർഡിനേറ്റർ കെ വി രതീഷ് അറിയിച്ചു.