ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിജിറ്റൽ സബ്സ്ട്രക്ഷൻ ആൻജിയോഗ്രാഫി യന്ത്രം

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതി നൂതനമായ ഡിജിറ്റൽ സബ്സ്ട്രക്ഷൻ ആൻജിയോഗ്രാഫി (ഡി എസ് എ) യന്ത്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്.രക്തക്കുഴലുകളുടെ ആന്തരിക ഉപരിതലം വ്യക്തതയോടെ കാണുന്നതിനൊപ്പം,ധമനികൾ, സിരകൾ, ഹൃദയ അറകൾ എന്നിവ കാണാനും, ഇതുവഴി നൂതന ചികിത്സ വേഗത്തിൽ ലഭ്യമാക്കുന്നതിനും യന്ത്രം ഏറെ സഹായകരമാണ്.
സങ്കീർണ്ണമായ കമ്പ്യൂട്ടറൈസ്ഡ് എക്സ്-റേ മെഷീനുകൾ ഉപയോഗിക്കുന്ന ഫ്ലൂറോസ്കോപ്പിക് സാങ്കേതികതയാൽ യന്ത്രം തുടർച്ചയായ ചിത്രങ്ങൾ പകർത്തും. അതുവഴി രക്തക്കുഴലുകൾ വ്യക്തതയോടെ എളുപ്പത്തിൽ കാണാനും, രക്തത്തിലേക്ക് പ്രത്യേക കോൺട്രാസ്റ്റ് മീഡിയം (ഡൈ) കുത്തിവക്കുക വഴി ലഭ്യമാകുന്ന ചിത്രത്തിൽ ധമനികളും സിരകളും തമ്മിലുള്ള അസാധാരണ കണക്ഷനുകൾ ,രക്തക്കുഴൽ രോഗങ്ങൾ, ധമനികളുടെയും സിരകളുടെയും ഉള്ളിലെ തടസ്സമോ സങ്കോചമോ മൂലമുണ്ടാകുന്നതോ, തടസ്സപ്പെടുത്തുന്നതോ ആയ വാസ്കുലർ രോഗങ്ങൾ ഉൾപ്പെടെ കണ്ടെത്തും. ഒപ്പം തലച്ചോറിലെ അന്യൂറിസം, (പ്രത്യേകിച്ച് ഇൻട്രാക്രീനിയൽ അന്യൂറിസം)രക്തസ്രാവം വേഗത്തിൽ കണ്ടെത്താനും ഇത് സഹായകരമാണ്.
കാൻസർ മുഴകളുടെ രക്തക്കുഴൽ സംവിധാനങ്ങൾ വിലയിരുത്തുക,ആൻജിയോപ്ലാസ്റ്റി (ബലൂണിങ്), വെസൽ സ്റ്റെന്റിംഗ് എന്നീ ഇന്റർ വെൻഷണൽ നടപടികൾക്കായി വ്യക്തമായ ചിത്രങ്ങളും ഇത് ലഭ്യമാക്കും. കോടികൾ വിലമതിക്കുന്ന ഈ യന്ത്രം വഴിയുള്ള രോഗനിർണ്ണയത്തിന് നിരവധി രോഗികളെയാണ് ശ്രീ ചിത്ര മെഡിക്കൽ കോളേജിലേക്കും മറ്റു സ്വകാര്യ ആശുപത്രികളിലേക്കും പറഞ്ഞയച്ചിരുന്നത്. എന്നാൽ ഇനി മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഈ രോഗനിർണ്ണയം സാധ്യമായിരിക്കുകയാണ്.