തൊഴിലവസരങ്ങൾ തുറന്ന് വിജ്ഞാന കേരളം മിനി ജോബ് ഫെയർ

post

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ കോർപ്പറേഷനും ചേർന്ന് സംഘടിപ്പിച്ച മിനി ജോബ് ഫെയർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജിൽ രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ് എംഎൽഎ അധ്യക്ഷനായി.

തൊഴിലന്വേഷകർക്ക് സർക്കാരിതര മേഖലകളിലെ പ്രാദേശിക തൊഴിലസരങ്ങൾ ലഭ്യമാക്കാൻ വിജ്ഞാന കേരളം പദ്ധതി മുഖേന ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടത്തുന്ന മിനി ജോബ് ഫെയറിൽ ജില്ലയിലെ മൂന്നാമത്തേതാണ് കണ്ണൂർ വനിതാ കോളേജിലേത്. വിവിധ മേഖലകളിൽ നിന്നും 70ലധികം കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. പത്താം തരം മുതൽ വി എച്ച് എസ് സി, ബിരുദ-ബിരുദാനന്തര ബിരുദധാരികൾക്കും മെഡിക്കൽ, പാരാമെഡിക്കൽ, ഐടിഐ, പോളിടെക്നിക്, ബിടെക് തുടങ്ങിയ പ്രഫഷണൽ യോഗ്യതയുള്ളവർക്കും നിരവധി അവസരങ്ങൾ മേളയിലുണ്ട്. ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന പ്രത്യേക ക്യാമ്പയിനും കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. അടുത്ത ഒരു വർഷം ചുരുങ്ങിയത് മൂന്ന് ലക്ഷം പേർക്ക് സർക്കാരിതര മേഖലകളിലെ തൊഴിലവസരങ്ങൾ കണ്ടെത്തി ലഭ്യമാക്കാനാണ് ഈ ജനകീയ ഇടപെടൽ.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി മുനിസിപ്പൽ കോർപ്പറേഷനും ചേർന്ന് നടത്തുന്ന മിനി ജോബ് ഫെയർ സെപ്റ്റംബർ 13ന് തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപറമ്പ്, ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി സരള, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീമ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ കൂക്കിരി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കൂഞ്ചാൽ, വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ.എം സുർജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ടി ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു.