ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് ഓണാഘോഷമൊരുക്കി നാഷണല്‍ സര്‍വീസ് സ്‌കീം

അത്തപൂക്കളമിട്ട് ഓണക്കോടിയുടുത്ത് ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ ഓണമാഘോഷിച്ചു. കൊല്ലം ശ്രീനാരായണ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കുരീപ്പുഴ ശിശുക്ഷേമസമിതിയിലെ കുട്ടികള്‍ക്കായുള്ള ആഘോഷം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ ഷീബ ആന്റണി അധ്യക്ഷയായി. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത കൊല്ലം സ്വദേശി ബഹിയ ഫാത്തിമ ഓണസന്ദേശം നല്‍കി. ശ്രീനാരായണ കോളേജിലെ എന്‍.എസ്.എസ് വോളന്റിയേഴ്‌സിന്റെ തിരുവാതിര, ഓണപ്പാട്ട് തുടങ്ങിയ കലാപരിപാടികളും ശിശുക്ഷേമസമിതിയിലെ കുട്ടികളുടെ ഓണപ്പാട്ടും കലാ-കായിക പരിപാടികളും അരങ്ങേറി. ഓണസദ്യയും ഒരുക്കിയിരുന്നു.
ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ‘കരുതലോണം നല്ലോണം' ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ ദേവ്, കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ എസ്. വിദ്യ, വൊളന്റിയര്‍മാര്‍, ശിശുക്ഷേമസമിതിയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.