ശുചിത്വബോധമുണർത്തി എം. ജി. ശ്രീകുമാറിന്റെ മ്യൂസിക് വീഡിയോ

post

കേരളത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെയും ശുചിത്വമിഷന്റെയും  പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പ്രശസ്ത ഗായകൻ എം. ജി. ശ്രീകുമാർ. അദ്ദേഹം ആലാപനം നിർവഹിച്ച് തയ്യാറാക്കിയ ശുചിത്വസന്ദേശം പ്രചരിപ്പിക്കുന്ന മ്യൂസിക് വീഡിയോ തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി എം. ബി. രാജേഷ് പ്രകാശനം ചെയ്തു.   മാലിന്യസംസ്‌കരണത്തിൽ കേരളം ഏറെ മുന്നേറിക്കഴിഞ്ഞു.  കൃത്യമായ സംവിധാനങ്ങളും ശക്തമായ നിയമനടപടികളുമാണ് ഇതിനുകാരണം. എന്നാൽ ഇതിനനുസരിച്ച് ജനങ്ങളുടെ മനോഭാവത്തിൽ ഇനിയും മാറ്റം വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാലിന്യമുക്തം നവകേരളം എന്ന സന്ദേശത്തിന്റെ പ്രചാരകനും പതാകാവാഹകനുമൊക്കെയായി പ്രവർത്തിക്കാൻ എം ജി ശ്രീകുമാർ മുന്നോട്ട് വന്നത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഈ സന്ദേശത്തെ മുൻനിർത്തി പാട്ടുകൾ പാടി നൽകാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. ഇപ്പോൾ അന്നത്തെ വാഗ്ദാനം പാലിച്ച് മാലിന്യമുക്തം നവകേരളം എന്ന സന്ദേശമുയർത്തുന്ന ഗാനം അദ്ദേഹം സ്വന്തം മുൻകൈയിൽ തയ്യാറാക്കിയത്  ഏറെ അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.

മാലിന്യ നിർമാർജനത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ പൂർണമായും പിന്തുണയ്ക്കുമെന്ന് മ്യൂസിക് വീഡിയോ പരിചയപെടുത്തിക്കൊണ്ട് എം ജി ശ്രീകുമാർ വ്യക്തമാക്കി. വിദേശരാജ്യങ്ങളിൽ ഒരു ചായഗ്ലാസ്സ് പോലും ആരും വലിച്ചെറിയാറില്ല. എന്നാലിവിടെ ആകുമ്പോൾ അതേ ആൾതന്നെ കാണുന്ന സ്ഥലത്ത് അത് വലിച്ചെറിയാറുണ്ട്. ഇത് മാറണം.  ഭാവിയിൽ മാലിന്യനിർമാർജനത്തിന് മറ്റ് രാജ്യങ്ങൾക്ക് വരെ കേരളം മാതൃകയാകുമെന്നു അദ്ദേഹം ശുഭാപ്തിവിശ്വസം പ്രകടിപ്പിച്ചു.  സർക്കാരിനുവേണ്ടി ഇനിയും രണ്ടു വീഡിയോകൾ നിർമിച്ചു നൽകുമെന്ന് അദ്ദേഹംപറഞ്ഞു.

മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി. വി., തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്,  ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ്, ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ. തിരുവനന്തപുരം നഗരസഭാ സെക്രട്ടറി എസ്. ജഹാംഗീർ തുടങ്ങിയവർ പങ്കെടുത്തു.