കേരള അർബൻ കോൺക്ലേവ് ലോഗോ പ്രകാശനം ചെയ്തു ; ദ്വിദിന കോൺക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

post

സമഗ്ര നഗരനയം രൂപീകരിക്കുന്നതിലെ സുപ്രധാന ചുവടുവെയ്പ്പായ കേരളാ അർബൻ കോൺക്ലേവിന്റെ ലോഗോ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു. ദ്വിദിന കോൺക്ലേവ് സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചിയിൽ നടക്കും. ആസ്പയറിംഗ് സിറ്റീസ്, ത്രൈവിങ് കമ്മ്യൂണിറ്റീസ് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് കൊച്ചി ഹയാത്ത് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോൺക്ലേവിനോട് അനുബന്ധിച്ച് കേരളത്തിന്റെ നഗരവത്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന വിപുലമായ പ്രദർശനം സെപ്റ്റംബർ 11 മുതൽ 15 വരെ മറൈൻ ഡ്രൈവിൽ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും മേയർമാരും 237 വിദഗ്ധരും കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരും മേയർമാരും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന കോൺക്ലേവിൽ കേരളത്തിന്റെ നഗരനയം അന്തിമമാക്കും. നഗരനയ കമ്മീഷൻ നിർദ്ദേശിച്ച പ്രധാന മേഖലകളിലെല്ലാം ചർച്ചകൾ നടക്കും. മന്ത്രിമാരുടെ ഉന്നതതല  പൊളിറ്റിക്കൽ ഫോറം, മേയർമാരുടെ പൊളിറ്റിക്കൽ ഫോറം, കൗൺസിലേഴ്സ് അസംബ്ലി, പ്ലീനറി സെഷനുകൾ, വട്ടമേശ സമ്മേളനങ്ങൾ എന്നിവയും നടക്കും. അന്തർദേശീയ പ്രതിനിധികൾ,  അക്കാദമിക് വിദഗ്ധർ, വ്യവസായികൾ, റെസിഡൻസ് അസോസിയേഷനുകൾ,  എൻജിഒകൾ, യുവജനങ്ങൾ, വിദ്യാർഥികൾ, വനിതകൾ എന്നിവരടക്കം സമൂഹത്തിന്റെ പരിച്ഛേദമായ 1000ത്തോളം പ്രതിനിധികൾ കോൺക്ലേവിന്റെ ഭാഗമാകുമെന്ന് മന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം ഏറ്റവും ശക്തമായ ഒരു സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീർണമായ നഗരവൽക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന  ഒരു പ്രദേശം എന്ന നിലയിലും കേരളത്തിന് നഗരനയം അനിവാര്യമാണ്. ലോകത്തെ  വിവിധ നഗരങ്ങളിൽ പരന്നു കിടക്കുന്ന ഒരു സമൂഹം എന്ന നിലയിൽ, കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവൽക്കരണത്തെ കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് ഈ കോൺക്ലേവ് സഹായകമാവും. നവകേരള നിർമ്മിതിയിലെ സുപ്രധാന ചുവടുവയ്പ്പുകൂടിയാകുമിതെന്നും മന്ത്രി വ്യക്തമാക്കി.

അർബൻ കമ്മീഷൻ റിപ്പോർട്ടും അർബൻ കോൺക്ലേവിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളും ക്രോഡീകരിച്ചാണ് നഗരനയം അന്തിമമാക്കുക. പുതിയ ആശയങ്ങൾ ഉയർന്നുവരികയാണെങ്കിൽ അതും സ്വീകരിക്കും. ഈ നഗരനയം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു ചട്ടക്കൂടും മാതൃകയും നൽകും. ഇന്ത്യയ്ക്ക് മാത്രമല്ല ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്കും കേരളത്തിന്റെ ഈ നഗരനയം മാതൃകയായിരിക്കും. രാജ്യത്ത് ആദ്യമായി നഗരനയം രൂപീകരിക്കുന്ന സംസ്ഥാനമായി ഇങ്ങനെ കേരളം മാറും.   വരുന്ന 25 വർഷത്തെ കേരളത്തിലെ നഗരങ്ങളുടെ വളർച്ചയെ അടിസ്ഥാനമാക്കി, സമസ്മത മേഖലകളിലെയും വികസന കാഴ്ചപ്പാടിനെ രൂപീകരിക്കുകയെന്നതാണ് നഗരനയം രൂപീകരിക്കുന്നതിന് പിന്നിലെ അടിസ്ഥാനമെന്ന് മന്ത്രി പറഞ്ഞു.

നഗരനയ കമ്മീഷൻ സമർപ്പിച്ച നിർദേശങ്ങൾ വിശകലനം ചെയ്ത്, ഓരോ നിർദേശവും കേരളത്തിന്റെ സവിശേഷ സാഹചര്യത്തിന് യോജിക്കും വിധം പാകപ്പെടുത്തി, സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും വെല്ലുവിളികളെ മറികടക്കാനുമുള്ള മാർഗങ്ങൾ കണ്ടെത്തി, സമഗ്രമായ നഗരനയം അന്തിമമാക്കാനുള്ള പ്രധാന സംവാദ വേദിയാണ് കോൺക്ലേവ്. അർബൻ കമ്മീഷൻ വിവിധ ജനവിഭാഗങ്ങളുമായി ചർച്ച ചെയ്താണ് നിർദേശങ്ങൾ തയ്യാറാക്കിയത്. ഇതിന്റെ തുടർച്ചയ്ക്കാണ് കോൺക്ലേവ് വേദിയാവുക.

കേരളാ അർബൻ കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച് 2050 ആകുമ്പോഴേക്കും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും നഗരവാസികളായിരിക്കും. ഇന്ത്യയിൽ നഗര നയമുള്ള ഏക സംസ്ഥാനമായി കേരളം മാറുകയാണ്. കേരളത്തിന്റെ വികസന ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണിത്. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ, 2050 വരെ സംസ്ഥാനത്തിന് ആവശ്യമായ വികസന നയം രൂപപ്പെടുത്തുന്നതിനുള്ള ഉൾക്കാഴ്ചകൾ കോൺക്ലേവിലൂടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.