കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ചരിത്ര നേട്ടം ;എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളും നഴ്സിംഗ് കോളേജുകളും

ഈ സർക്കാരിന്റെ കാലത്ത് സർക്കാർ മേഖലയിൽ 4 മെഡിക്കൽ കോളേജുകളും 21 നഴ്സിംഗ് കോളേജുകളും
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളും നഴ്സിംഗ് കോളേജുകളും യാഥാർത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വയനാട്, കാസർഗോഡ് മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതോടെയാണ് ഇത് സാധ്യമായത്. പത്തനംതിട്ട, ഇടുക്കി മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 4 മെഡിക്കൽ കോളേജുകൾക്കാണ് അനുമതി ലഭിച്ചത്. ഇതോടെ 300 എംബിബിഎസ് സീറ്റുകളാണ് സർക്കാർ ഫീസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ലഭ്യമാക്കിയത്. വയനാട്, കാസർഗോഡ് മെഡിക്കൽ കോളേജുകളിൽ എത്രയും വേഗം നടപടി ക്രമങ്ങൾ പാലിച്ച് ഈ അധ്യായന വർഷം തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാരിന്റെ കാലത്ത് സർക്കാർ, സർക്കാരിതര മേഖലകളിലായി 21 നഴ്സിംഗ് കോളേജുകളാണ് ആരംഭിച്ചത്. കാസർഗോഡ്, വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം അനക്സ് ഉൾപ്പെടെ സർക്കാർ മേഖലയിൽ നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു. സ്വകാര്യ മേഖലയിൽ 20 നഴ്സിംഗ് കോളേജുകളും ആരംഭിച്ചു. സർക്കാർ മേഖലയിൽ 478 ബി.എസ്.സി. നഴ്സിംഗ് സീറ്റുകളിൽ നിന്ന് 1060 സീറ്റുകളാക്കി വർധിപ്പിച്ചു. ആകെ 10300 ലധികം ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാക്കി വർധിപ്പിച്ചു. ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികൾക്ക് സംസ്ഥാനത്ത് തന്നെ മെറിറ്റിൽ പഠിക്കാനുള്ള സാഹചര്യം ഒരുക്കാനായി. 80 പിജി സീറ്റുകൾക്ക് അനുമതി ലഭ്യമായി. സർക്കാർ മേഖലയിൽ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വളരെ മുന്നേറ്റം കൈവരിക്കാനായി.