പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി കുടുംബശ്രീയുടെ ഫേസ് ഷീല്‍ഡുകള്‍

post

തിരുവനന്തപുരം:  ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികളുമായി ഇടപെടുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപയോഗിക്കാനാകുന്ന ഫേസ് ഷീല്‍ഡുകള്‍ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കി. ആദ്യ ഘട്ടത്തില്‍ നിര്‍മിച്ച 500 ഫേസ് ഷീല്‍ഡുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്ദീന്‍ ശ്രീചിത്ര ആശുപത്രി സൂപ്രണ്ടിന് കൈമാറി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ സന്നിഹിതനായിരുന്നു. മാസ്‌കിന് മുകളില്‍ മുഖത്തിന് കവചമായാണ് ഫേസ് ഷീല്‍ഡുകള്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ വായിലൂടെയും കണ്ണിലൂടെയുമുള്ള രോഗ വ്യാപനം ഒരുപരിധി വരെ തടയാന്‍ സാധിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി. ജി വിദ്യാര്‍ഥികളാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഫേസ് ഷീല്‍ഡ് നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ പഠിപ്പിച്ചു നല്‍കിയത്. കരകുളം സി.ഡി.എസില്‍ കല്ലയം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി  ബള്‍ബ് നിര്‍മാണ യൂണിറ്റായ അക്ഷയ സംരംഭ യൂണിറ്റിനെയാണ് പരീക്ഷണാടിസ്ഥാനത്തില്‍  ഫേസ് ഷീല്‍ഡ് നിര്‍മാണത്തിന് ചുമതലപ്പെടുത്തിയത്. പോളിഫോം ഷീറ്റ്, ഒ.എച്ച്.പി.ഷീറ്റ്, ഫെവിക്കോള്‍ എസ്.ആര്‍ 505, സിന്തറ്റിക് തുണി എന്നിവ ഉപയോഗിച്ചാണ് ഫേസ് ഷീല്‍ഡ് നിര്‍മിക്കുന്നത്. കുടുംബശ്രീ സംസ്ഥാന മിഷന്റെ ധനസഹായത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.ഒരു ഫേസ് ഷീല്‍ഡ് നിര്‍മിക്കുന്നതിന് 15 രൂപയാണ് ചെലവ്. സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പുമായി സംയോജിച്ച്  പദ്ധതി വ്യാപിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. പോലീസുമായി സഹകരിച്ച് വാഹനപരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഫേസ് ഷീല്‍ഡ് നിര്‍മിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

അടുത്ത ഘട്ടത്തില്‍ 1000 ഫേസ് ഷീല്‍ഡുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് നിര്‍മിച്ചു നല്‍കും. ഫേസ് ഷീല്‍ഡുകള്‍ക്ക് കൂടുതല്‍  അംഗീകാരവും ആവശ്യകതയും ലഭിക്കുന്നതിന്റെ   അടിസ്ഥാനത്തില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ഏറ്റെടുത്തു സംരംഭ മാതൃകയില്‍ ഫേസ് ഷീല്‍ഡ് നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍.ഷൈജു പറഞ്ഞു.