അങ്കണവാടി കുഞ്ഞുങ്ങള്‍ക്ക് വാട്സ്ആപ്പിലൂടെ ക്ലാസ്സൊരുക്കി അന്നമനട ഗ്രാമ പഞ്ചായത്ത്

post

തൃശൂര്‍ : ലോക്ക് ഡൗണിലും ലോക്കാകാതെ അന്നമനട പഞ്ചായത്തിലെ അങ്കണവാടി അധ്യാപകര്‍ കുരുന്നുകള്‍ക്കായി ക്ലാസ്സെടുക്കുന്നു. ഞങ്ങള്‍ അങ്കണവാടി കുഞ്ഞുങ്ങള്‍ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് കളിയും കാര്യങ്ങളുമായി അങ്കണവാടി ക്ലാസുകള്‍ നടക്കുന്നത്. ദിവസവും രാവിലെ 10 മുതല്‍ 12 വരെയാണ് ഓണ്‍ലൈന്‍ ക്ലാസ്സ്. കഥ, ആക്ഷന്‍ സോങ്, കുട്ടികള്‍ക്കായുള്ള വിവിധ തരം ആക്ടിവിറ്റി ടാസ്‌ക്കുകള്‍ എന്നിവയാണ് സാധാരണ ഒരു അങ്കണവാടി ക്ലാസ്സ് റൂം എന്ന പോലെ വാട്സ്ആപ്പിലൂടെ നടക്കുന്നത്. ഓരോ ദിവസത്തെ ടാസ്‌ക്കിനും പ്രത്യേക പേരുകള്‍ നല്‍കുന്നു. പിറ്റേന്ന് ചെയ്യേണ്ട ടാസ്‌ക്ക് എന്താണെന്ന് തലേദിവസം തന്നെ ഗ്രൂപ്പില്‍ ടീച്ചര്‍ പറയുന്നു. രാവിലെ 10 മുതല്‍ 12 വരെ ടാസ്‌ക്ക് പൂര്‍ത്തിയാക്കി ഫോട്ടോയും വീഡിയോയും ഗ്രൂപ്പില്‍ അയയ്ക്കണം. ദിവസവും രാത്രി 7 മുതല്‍ 8 വരെയുള്ള സമയം ടീച്ചര്‍മാരുമായി രക്ഷിതാക്കള്‍ക്ക് ക്ലാസ്സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിച്ചു മനസിലാക്കാം.

ടാസ്‌ക്കില്‍ വിജയികളാവുന്നവര്‍ക്ക് ലോക്ക് ഡൗണിന് ശേഷം സമ്മാനവും നല്‍കും. പഞ്ചായത്തിലെ 31 അങ്കണവാടികളിലായി 528 കുട്ടികളാണുള്ളത്. ഇതില്‍ ആന്‍ഡ്രോയിഡ് ഫോണും വാട്സ് ആപ്പ് സൗകര്യവുമുള്ള 198 പേരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. കുട്ടികള്‍ക്കായി അവരുടെ രക്ഷിതാക്കളുടെ വാട്സ് ആപ്പ് നമ്പറാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോക്ക് ഡൌണ്‍ നീട്ടിയ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് വീട്ടിലിരുന്ന് ബോറടിക്കാതെ എങ്ങനെ ക്ലാസുമായി മുന്നോട്ട് പോകാം എന്ന ചിന്തയില്‍ നിന്നാണ് ഓണ്‍ലൈന്‍ ക്ലാസ്സെന്നതിലേക്ക് എത്തിയതെന്ന് പഞ്ചായത്ത് ഐ സി ഡി എസ് സൂപ്രവൈസര്‍ ജിംസി സി ജോസ് പറഞ്ഞു. ഗ്രൂപ്പില്‍ ഓരോ ദിവസവും ക്ലാസ്സ് എടുക്കണ്ട ചുമതല ഓരോ അങ്കണവാടി ടീച്ചര്‍മാര്‍ക്കും നല്‍കിയാണ് ക്ലാസുകള്‍ പുരോഗമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.