നവരാത്രി കാലത്ത് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ

post

നവരാത്രി പ്രമാണിച്ച് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദു റഹിമാനും റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിൽ ധാരണയായി. യാത്രക്കാരുടെ സൗകര്യാർത്ഥം സ്‌പെഷ്യൽ ട്രെയിനുകളുടെ സമയം സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പും നൽകും.

തിരുവനന്തപുരം ഡിവിഷണൽ ഓഫീസിലെ സീനിയർ ഡിവിഷണൽ ഓപ്പറേറ്റിംഗ് മാനേജർ, പാലക്കാട് ഡിവിഷനിലെ അസിസ്റ്റന്റ് ഓപ്പറേറ്റിംഗ് മാനേജർ, കെ റെയിൽ എം.ഡി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വേളാങ്കണ്ണി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് എറണാകുളത്തുനിന്ന് പത്തും തിരുവനന്തപുരത്തു നിന്ന് നാലും സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെന്നും, കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും റെയിൽവേ അറിയിച്ചു.ആലപ്പുഴ-കായംകുളം റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ചർച്ച ചെയ്തു. ഈ റൂട്ടിലെ സിംഗിൾ ലൈനിൽ ഓഗ്മെന്റേഷൻ നടത്തിയിട്ടുണ്ടെന്നും ഡബിൾ ലൈൻ വരുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടുമെന്നും റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ കാലവർഷത്തിൽ മരം വീണും മണ്ണിടിഞ്ഞും ഉണ്ടാകുന്ന ഗതാഗത തടസ്സം നേരിടാൻ മുന്നൊരുക്കം നടത്തും. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ് എന്നിവരുമായി ചേർന്നുള്ള പ്രവർത്തനത്തിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡ് കാലത്ത് നിർത്തലാക്കിയ എറണാകുളം-കൊല്ലം മെമു പുനരാരംഭിക്കണമെന്നും നിലവിലെ ട്രെയിനുകളിൽ കൂടുതൽ ജനറൽ കമ്പാർട്ട്‌മെന്റുകൾ അനുവദിക്കണമെന്നുമുള്ള മന്ത്രിയുടെ ആവശ്യം പരിഗണിക്കാമെന്ന് റെയിൽവേ അറിയിച്ചു.

വർക്കല കാപ്പിൽ റെയിൽവേ ലൈൻ വളരെ ഉയരത്തിലായതിനാൽ അത് മുറിച്ചുകടക്കുക ദുഷ്‌കരമാണ്. ഇവിടെ റെയിൽവേ അണ്ടർ പാസ്സേജ് നിർമ്മാണത്തിന് പൊതുമാരാമത്ത് വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ധാരണയായി.കുറുപ്പന്തറ ആദർശ് റെയിൽവേ സ്റ്റഷേനിൽ പ്ലാറ്റ്‌ഫോമിൽ ലൂപ്പിങ്ങിന്റെ പ്രശ്‌നം കൊണ്ടാണ് ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവെന്ന വിഷയം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും യോഗത്തിൽ തീരുമാനിച്ചു.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനം അടുത്ത മാർച്ചിൽ പൂർത്തിയാക്കും. 30 കോടിയുടെ പദ്ധതിയാണിത്.