കേരള ബിൽഡിങ് രജിസ്ട്രി & ലോ-കാർബൺ ട്രാൻസിഷൻ ഏകദിന ശില്പശാലഉദ്‌ഘാടനം ചെയ്തു

post

ഊർജക്ഷമമായ കെട്ടിട നിർമാണരീതികൾ വ്യാപിപ്പിക്കും: കെ. കൃഷ്ണൻകുട്ടി

കേരള ബിൽഡിങ് രജിസ്ട്രി & ലോ-കാർബൺ ട്രാൻസിഷൻ ഏകദിന ശില്പശാല തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു .

താപനില കൂടുകയും വൈദ്യുതി ഉപഭോഗം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഊർജക്ഷമമായ കെട്ടിട നിർമാണരീതികൾ സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ഊർജ്ജ കാര്യക്ഷമതാ രംഗത്ത് ഈ ശില്പശാല ഒരു നാഴികക്കല്ലായി മാറും. 'കേരള ബിൽഡിങ് രജിസ്ട്രി & ലോ-കാർബൺ ട്രാൻസിഷൻ' എന്ന ഈ ശില്പശാല, ഊർജ്ജ കാര്യക്ഷമമായ ഒരു ഭാവിക്കായുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ, കാർബൺ ബഹിർഗമനം കുറയ്ക്കുക എന്നത് ഓരോ രാജ്യത്തിന്റെയും പ്രധാന ഉത്തരവാദിത്തമാണ്. കെട്ടിടങ്ങളിൽ നിന്നുള്ള കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായുള്ള ഏഷ്യ ലോ കാർബൺ ബിൽഡിങ് ട്രാൻസിഷൻ പ്രോഗ്രാം (ALCBT) എന്ന പദ്ധതി ഈ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്.

നമ്മുടെ സംസ്ഥാനത്ത് കെട്ടിടങ്ങൾക്കുള്ളിലെ ചൂട് കുറയ്ക്കുന്നതിനായി എയർ കണ്ടീഷണറുകളുടെയും മറ്റ് ശീതീകരണ ഉപകരണങ്ങളുടെയും ഉപയോഗം വളരെ വർദ്ധിച്ചിട്ടുണ്ട്. ഇത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർത്തുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ കെട്ടിട നിർമ്മാണ രീതികളിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി, കേന്ദ്ര സർക്കാർ പുറത്തിറക്കിയ എനർജി കൺസർവേഷൻ ബിൽഡിങ് കോഡ് (ECBC) പോലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നാം ഫലപ്രദമായി നടപ്പിലാക്കേണ്ടതുണ്ട്. ശില്പശാലയിൽ അവതരിപ്പിക്കുന്ന ബിൽഡിങ് എമിഷൻ അസസ്മെന്റ് ടൂൾ (BEAT), കേരളത്തിലെ കെട്ടിടങ്ങളിലെ ഊർജ്ജ ഉപയോഗം വിലയിരുത്താനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്താനും നമ്മെ സഹായിക്കും.

കെട്ടിടങ്ങളെ ഊർജ്ജ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികൾക്ക് താൽപ്പര്യപത്രം ക്ഷണിക്കുന്നതും ഈ വിഷയത്തിലെ ചർച്ചകളും നമ്മുടെ ഭാവി പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും.

 

ഈ രംഗത്തെ പ്രമുഖരായ വിദഗ്ദ്ധർ നയിക്കുന്ന ഈ സെഷനുകൾ, ഊർജ്ജ സംരക്ഷണത്തെക്കുറിച്ചുള്ള പുതിയ അറിവുകൾ നേടാൻ നമുക്കെല്ലാം സഹായകമാകും. ഊർജ്ജ കാര്യക്ഷമമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലൂടെ, നമുക്ക് വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ മാത്രമല്ല, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനും സാധിക്കും. ഈ ഉദ്യമത്തിൽ സഹകരിക്കുന്ന എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിനും (EESL), ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ടിനും (GGGI), ജർമ്മൻ സർക്കാരിന്റെ ഇന്റർനാഷണൽ ക്ലൈമറ്റ് ഇനിഷ്യേറ്റീവിനും (IKI) പ്രത്യേകം നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐ എ എസ് ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു.  എനർജി മാനേജ്മന്റ് സെന്റർ ഡയറക്ടർ ഡോ ആർ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി.   ഏഷ്യാ ലോ കാർബൺ ബിൽഡിംഗ് ട്രാൻസിഷൻ പ്രോജക്ട്  (ALCBT) പ്രോഗ്രാം മാനേജർ ജൂലി റോബിൾസ്, ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട് (GGGI) ഇന്ത്യ കൺട്രി റെപ്രസെന്റേറ്റീവ് സൗമ്യ പി ഗർനായിക്, എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് ജനറൽ മാനേജർ (ടെക്) ഗിരിജ ശങ്കർ, ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട് (GGGI) റീജിയണൽ സീനിയർ ഓഫീസർ അശോക് ബോനം, ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട് (GGGI) എനർജി എഫിഷ്യൻസി ഓഫീസർ നേഹ ശർമ്മ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  ഗ്രാന്റ് തോർട്ടൻ ഭാരത് എൽ എൽ പി (GTBL) പാർട്ണർ കുൽഭൂഷൺ കുമാർ സ്വാഗതവും എനർജി മാനേജ്മെന്റ് സെന്റർ (EMC) ഹെഡ്, എൻ.എം.ഇ.ഇ & ഡി.എസ്.എം. ജോൺസൺ ഡാനിയേൽ നന്ദിയും  അറിയിച്ചു.

കേരള പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സംസ്ഥാന ഭവന ബോർഡ്, കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സ്വകാര്യ മേഖലയിലെ വിദഗ്ധർ, സ്വകാര്യ ആർക്കിടെക്റ്റുകൾ, കെട്ടിട ഊർജ്ജ കാര്യക്ഷമതാ വിദഗ്ധർ, ഊർജ്ജ ഓഡിറ്റർമാർ, പ്രൊഫഷണലുകൾ, കൂടാതെ CREDAI, BHAI തുടങ്ങിയ പ്രമുഖ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു