കോവിഡ് 19: ഇന്ത്യക്ക് മാതൃകയായി കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ടെലി കൗണ്‍സിലിംഗ്

post

തൃശൂര്‍ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് മാതൃകയായി കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ടെലി കൗണ്‍സിലിംഗ്. വൈറസ് സാമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പിഎംഎവൈ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് നല്‍കിയ ടെലി കൗണ്‍സിലിങ്ങിനെയാണ് കേന്ദ്രസര്‍ക്കാര്‍ മികച്ച മാതൃകയായി വിലയിരുത്തിയത്. പിഎംഎവൈ പദ്ധതി പ്രകാരം വീടുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന നഗരസഭാ പരിധിയിലെ 1149 ഗുണഭോക്താക്കള്‍ക്കാണ് ടെലി കൗണ്‍സിലിംഗ് നല്‍കിയത്. ഓരോരുത്തരെയും ഫോണില്‍ വിളിച്ച് കോവിഡ് കാലത്തെ പ്രശ്നങ്ങള്‍ അന്വേഷിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുകയും ചെയ്യുക എന്നതായിരുന്നു ഇതുവഴി അവലംബിച്ചത്. ടെലി കൗണ്‍സിലിംഗ് നടത്തുന്നതിനായി പ്രത്യേക കോള്‍ സെന്റര്‍ നഗരസഭയില്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ ചിത്രവും വാര്‍ത്തയും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തു കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ വിഭാഗം കൊടുങ്ങല്ലൂരിനെ അഭിനന്ദിച്ചത്.

കേരളത്തിലെ പിഎംഎവൈയുടെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുണഭോക്താക്കള്‍ക്ക് സഹായമെത്തിക്കാന്‍ നഗരസഭ തീരുമാനിച്ചത്. അതിനായി നഗരസഭയിലെ പിഎംഎവൈ സോഷ്യല്‍ ഡെവലപ്മെന്റ് അസിസ്റ്റന്റ് അരുണിന്റെ നേതൃത്വത്തില്‍ അഞ്ചു പേരടങ്ങുന്ന ഒരു ടീമിനായിരുന്നു ടെലി കൗണ്‍സിലിംഗ് ചുമതല. പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി മരം നല്‍കുന്നതിന് നഗരസഭ സജ്ജീകരിച്ച അംഗീകാര്‍ നഴ്സറിയ്ക്കും കേന്ദ്ര അംഗീകാരം ലഭിച്ചിരുന്നു.