തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 15 പദ്ധതികള്‍ക്ക് അംഗീകാരമായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട 15 പദ്ധതികള്‍ക്ക് കൊല്ലം ജില്ലാതല വിദഗ്ധസമിതി അംഗീകാരംനല്‍കി. നൂതന പദ്ധതികള്‍ ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ 16 പദ്ധതികളാണ് പരിഗണിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളായ ചവറ, മുഖത്തല, ചടയമംഗലം, ആലപ്പാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ രണ്ട് പദ്ധതികള്‍ വീതവും കൊല്ലം കോര്പ്പറേഷന്, കൊട്ടാരക്കര, ഓച്ചിറ, വെട്ടിക്കവല, പട്ടാഴി വടക്കേക്കര, അഞ്ചല്‍ മുന്നോട്ടുവെച്ച ഓരോ പദ്ധതികള്വീതവും അംഗീകരിച്ചു. പോരുവഴി ഗ്രാമപഞ്ചായത്തിന്റെ ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായംനല്കുന്ന പദ്ധതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് നല്കി.
ക്ഷീരവികസനം, വനിതാ-ശിശുവികസനം, വിദ്യാഭ്യാസം, വയോജനക്ഷേമം, പട്ടികജാതിവികസനം, വന്യമൃഗആക്രമണപ്രതിരോധം, ലഹരിക്കെതിരെയുള്ള ബോധവത്ക്കരണം, കൃഷിവികസനം തുടങ്ങി വിവിധ മേഖലകളില്‍ ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികളാണ് പരിഗണിച്ചത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലെയും വികസനസാധ്യതകള്‍ കണക്കിലെടുത്തുള്ള നൂതന പദ്ധതികളാണിവ.
ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല വിദഗ്ധ സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എം.ആര് ജയഗീത, ഡി.പി.സി സര്‍ക്കാര്‍ നോമിനി എം വിശ്വനാഥന്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് സുബോധ്, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.