കോവിഡ് 19: വിഷുക്കാലത്ത് കുടുംബശ്രീയുടെ പച്ചക്കറിക്കൈനീട്ടം

post

തൃശൂര്‍:  കോവിഡ് 19 ഇരുള്‍പടര്‍ത്തിയ ഈ വിഷുക്കാലത്ത് ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം പച്ചക്കറികള്‍ക്കും പഞ്ഞമില്ലാതെ ജില്ലയിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ സദ്യയൊരുക്കി. നേരത്തെ ലഭിച്ച സൗജന്യറേഷനും പലവ്യജ്ഞന കിറ്റുകള്‍ക്കും പിന്നാലെ കുടുംബശ്രീ മിഷന്‍ ഒരുക്കിയ സൗജന്യ പച്ചക്കറി കിറ്റുകളാണ് ജില്ലയിലെ 860 പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ കലവറ നിറച്ചത്.

കുടുംബശ്രീ മഹിളാ കിസാന്‍ ശക്തികരണ്‍ പദ്ധതി- എംകെഎസ്പിയിലൂടെയാണ് ജില്ലയിലെ ട്രൈബല്‍ ആശ്രയ പദ്ധതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തത്. തൃശ്ശൂര്‍ ജില്ലയില്‍ ഏഴ് സി ഡി എസ്സുകളിലായി 860 കുടുംബങ്ങളാണ് എസ് ടി ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുടുംബശ്രീ എം കെ എസ് പി പദ്ധതിയുടെ ഭാഗമായി വിഷുക്കാല പച്ചക്കറികള്‍ സുലഭമായി സംഘകൃഷി ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്ന സമയത്താണ്

കോവിഡ് 19 പടര്‍ന്നുപിടിച്ചത്. ഇതോടെ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി വിളവെടുക്കുന്നതിനും, മാര്‍ക്കറ്റിങ് നടത്തുന്നതിനും ബുദ്ധിമുട്ടായി. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 'കൊറോണ കാലത്തെ വിഷുകൈനീട്ടം' സംഘടിപ്പിച്ചത്.

വിഷുക്കാലത്ത് വിളവെടുത്ത പച്ചക്കറികള്‍ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് വിളവെടുക്കുന്നതിനും വിറ്റഴിക്കുന്നതിനും പ്രയാസം നേരിടുന്ന ഈ സമയത്ത് പട്ടികവര്‍ഗ മേഖലയിലെ ആശ്രയ ഗുണഭോക്താക്കളായ 860 കുടുംബങ്ങളിലേക്ക് വിഷു കൈനീട്ടമായി ഈ പച്ചക്കറികള്‍ എത്തിച്ചു കൊടുക്കുകയായിരുന്നു.

സംഘകൃഷി ഗ്രൂപ്പുകളില്‍ നിന്ന് പച്ചക്കറികള്‍ സംഭരിച്ച 860 പച്ചക്കറി കിറ്റുകള്‍ തയ്യാറാക്കി. ഇത് ജില്ലാമിഷന്‍ വഴി ട്രൈബല്‍ ആശ്രയ ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിച്ചു നല്‍കി. കുഴൂര്‍ സി ഡി എസ്സിന്റെ ആഭിമുഖ്യത്തില്‍ 42 ജെ എല്‍ ജി യില്‍ നിന്നായി സമാഹരിച്ച 2850 കിലോ പച്ചക്കറികളാണ് അതിരപ്പിള്ളി, കോടശ്ശേരി, പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളിലെ 538 കുടുംബങ്ങളിലേക്ക് വിതരണം ചെയ്തത്. പഴയന്നൂര്‍ സിഡിഎസിന്റെ അഭിമുഖ്യത്തില്‍ 39 ജെ എല്‍ ജി യില്‍ നിന്നും സമാഹരിച്ച 430 കിലോ പച്ചക്കറികളാണ് പഴയന്നൂരിലെ 63 ട്രൈബല്‍ കുടുംബങ്ങളിലേക്ക് നല്‍കിയത്. പഴയന്നൂര്‍ പഞ്ചായത്തിലെ വെള്ളാര്‍കുളം വാര്‍ഡിലെ മാന്‍കുളമ്പ് കോളനിയില്‍ പച്ചക്കറി കിറ്റന്റെ വിതരണം ഉദ്ഘാടനം ചേലക്കര എംഎല്‍എ പ്രദീപ് യു ആര്‍ നിര്‍വ്വഹിച്ചു. മറ്റത്തൂര്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ 56 ജെ എല്‍ ജി കളില്‍ നിന്നായി സംഭരിച്ച് 1043 കിലോ പച്ചക്കറികള്‍ 250 ട്രൈബല്‍ കുടുംബങ്ങളിലേക്കാണ് വിതരണം ചെയ്തത്