കുരുന്നുകളുടെ ഭാഷാ വികാസത്തിന് 'സ്‌ബോട്ട് അറ്റ് ചിറ്റുമല' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്

കുരുന്നുകളുടെ ബൗദ്ധിക വികാസത്തിന് മാറ്റുകൂട്ടാന്‍ സ്‌ബോട്ട് പദ്ധതിയുമായി കൊല്ലം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ കുട്ടികള്‍ സംസാര വൈകല്യങ്ങള്‍ അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് 'സ്ബോട്ട്' അഥവാ സ്പീച്ച്, ബിഹേവിയര്‍, ഒക്യുപേഷന്‍ തെറാപ്പി ആവിഷ്‌കരിച്ചത്. ബൗദ്ധിക വികാസം ഉണ്ടാകുന്ന കുട്ടികളില്‍ നേരിടുന്ന വൈകല്യം മുന്‍പ് തന്നെ കണ്ടെത്തി പ്രശ്നം പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രഥമലക്ഷ്യം.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ആദ്യഘട്ടമായി മണ്‍ട്രോത്തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പനയം, തൃക്കരുവ, പെരിനാട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി ടീച്ചര്‍മാരുടെ സഹായത്തോടെ ഓരോ വാര്‍ഡുകളിലെയും സംസാരവൈകല്യം അനുഭവിക്കുന്ന കുട്ടികളുടെ പട്ടിക തയ്യാറാക്കി. ശേഷം അവരുടെ രക്ഷിതാക്കള്‍ക്ക് പദ്ധതി സംബന്ധിച്ച് ബോധവത്കരണം നല്‍കിയാണ് ക്ലാസുകളില്‍ പങ്കെടുപ്പിക്കാന്‍ തുടങ്ങിയത്.
പരിശീലനം നല്‍കുന്നതിന് മൂന്ന് സ്പീച്ച് തെറാപ്പിസ്റ്റ്മാരെയാണ് നിയമിച്ചിട്ടുള്ളത്. ഓരോ കുട്ടികളെയും മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം വിലയിരുത്തിയാണ് തെറാപ്പി നല്‍കുന്നത്. മണ്‍ട്രോത്തുരുത്ത് വേണാട് ബോട്ട് ക്ലബ്, ഈസ്റ്റ് കല്ലട ഐ.സി.ഡി.എസ് ഓഫീസ്, കുണ്ടറ 14-ാം നമ്പര്‍ അങ്കണവാടി, കുണ്ടറ ഒന്നാം നമ്പര്‍ അംഗനവാടി, പേരയം 34-ാം നമ്പര്‍ അംഗനവാടി, പേരയം 40-ാം നമ്പര്‍ അംഗനവാടി, പനയം ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പഴയ കെട്ടിടം, പെരിനാട് 19-ാം നമ്പര്‍ അംഗനവാടി, തൃക്കരുവ ഗ്രാമപഞ്ചായത്തിലെ എലൈവ് ക്ലബ് ആന്‍ഡ് റീഡിങ് റൂം മണലിക്കട, പേരയം യുവരശ്മി ക്ലബ്, ചിറ്റുമല ബ്ലോക്ക് ഐ.സി.ഡി.എസ് ഓഫീസ് എന്നിവിടങ്ങളിലാണ് സ്പീച്ച് തെറാപ്പി ലഭ്യമാക്കുന്നത്. രണ്ടര വയസ് മുതല്‍ 10 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം. പ്രതിമാസം മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാലോ അഞ്ചോ ക്ലാസുകള്‍ നല്‍കും. തെറാപ്പിസ്റ്റുകള്‍ക്ക് ഒരു സെക്ഷന് 1000 രൂപയാണ് വേതനം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയമായതോടെ ഈ വര്‍ഷവും 1.50 ലക്ഷം രൂപ വകയിരുത്തി. ഭൂരിഭാഗം കുട്ടികളും നേരിടുന്ന പ്രശ്നം സംസാരിക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ്. വിവിധ പരിശീലന കേന്ദ്രങ്ങളിലായി വ്യത്യസ്തതരം വെല്ലുവിളികള്‍ നേരിടുന്ന നൂറോളം കുട്ടികള്‍ പങ്കെടുത്തു. ഉച്ചാരണ വ്യതിയാനം, ഭാഷാ വികസനം ഇല്ലായ്മ, ശബ്ദക്രമീകരണത്തില്‍ ഉണ്ടാകുന്ന പിഴവ്, മറ്റ് ആശയവിനിമയെ പ്രശ്നങ്ങള്‍, വിക്ക് തുടങ്ങിയവയാണ് കൂടുതലായും കണ്ടെത്തിയത്.
സംസാരത്തില്‍ കാലതാമസമുള്ള കുട്ടികള്‍ക്ക് സ്പീച്ച് തെറാപ്പിയാണ് നല്‍കുന്നത്. ശരിയായ ഉച്ചാരണ വികാസത്തിന് ആര്‍ട്ടിക്കുലേഷന്‍ തെറാപ്പി, ഭാഷാ വികസനം- വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നതിന് ഡെവലപ്മെന്റ് തെറാപ്പി, സംസാരത്തിനൊഴുക്ക് വരുത്താന്‍ ഫ്ളുവന്‍സി തെറാപ്പി, ശബ്ദവ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിന് വോയിസ് തെറാപ്പി നല്‍കുന്നു. ഒട്ടും സംസാരിക്കാത്തവര്‍ക്കായാണ് ഓഗ്മെന്റേറ്റീവ് ആര്‍ട്ടിക്കുലേഷന്‍ രീതി. ചിത്രങ്ങള്‍ ഉപയോഗിച്ച് കുട്ടികളുമായി ആശയവിനിമയം നടത്തും. ചുണ്ടനക്കം തിരിച്ചറിഞ്ഞ് ശബ്ദത്തിന് തിരിച്ച് മറുപടി നല്‍കാനും സംസാരിക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്ന രീതിയാണിത്. ഇവയോടൊപ്പം ബിഹേവിയര്‍, ഒക്കൂപേഷന്‍ തെറാപ്പികളും നല്‍കിവരുന്നു. സമൂഹത്തില്‍ എങ്ങനെ ഇടപെടണം, സംസാരിക്കണം എന്നിവയില്‍ പരിശീലനം നല്‍കി സ്വഭാവത്തില്‍ മാറ്റംവരുത്താന്‍ ബിഹേവിയര്‍ തെറാപ്പിയിലൂടെ സാധിക്കുന്നു. ഹൈപ്പര്‍ ആക്ടീവ് സ്വഭാവമുള്ള കുട്ടികളെ അച്ചടക്കത്തോടെയിരുത്തി പലതരം പ്രവര്‍ത്തനങ്ങളിലൂടെ നൈപുണ്യശേഷി വികസിപ്പിക്കുകയാണ് ഒക്കുപേഷന്‍ തെറാപ്പിയിലൂടെ ഉദ്ദേശിക്കുന്നത്.
സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് ഒഴിവ് ദിനങ്ങളിലും ശനിയാഴ്ചകളിലുമാണ് ക്ലാസുകള്‍. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും മൂന്ന് തെറാപ്പിസ്റ്റുകളുടെ നേതൃത്വത്തില്‍ വ്യക്തിഗതമായും കൂട്ടമായും പരിശീലനം നല്‍കുന്നു. ജനുവരിയില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ ഓരോ കുട്ടിക്കും എട്ട് സെക്ഷന്‍ വീതം പരിശീലനം നല്‍കാനായി. നാലാമത്തെ സെക്ഷന്‍ മുതലാണ് കുട്ടികളില്‍ പുരോഗതി കണ്ടുതുടങ്ങുന്നത്. വീടുകളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ക്ലാസുകളില്‍ മാതാപിതാക്കളെയും പങ്കെടുപ്പിക്കും.
എ.ഡി.എച്ച്.ഡി, ഓട്ടിസം, പഠനവൈകല്യങ്ങള്‍, കാഴ്ച- കേള്‍വിശക്തിയില്ലാത്തവര്‍, സെറിബ്രല്‍ പാഴ്സി, വെര്‍ച്ചല്‍ ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രോം, മാനസിക വളര്‍ച്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് തെറാപ്പി നല്‍കുന്നതിനോടൊപ്പം തുടര്‍ചികിത്സയ്ക്കായി ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കാന്‍ നിര്‍ദേശം നല്‍കും. കുട്ടികള്‍ക്ക് പ്രായത്തിനനുസൃതമായ മാനസികവളര്‍ച്ച എത്തിയോയെന്ന് ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും.
ശാസ്ത്രീയമായ പരിശീലനം നല്‍കിയതിലൂടെ പ്രകടമായ ഭാഷാ-സ്വഭാവമാറ്റം കുട്ടികളില്‍ പ്രകടമായതായി മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും രക്ഷിതാക്കള്‍ക്ക് പോലും തിരിച്ചറിയാത്ത പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ പദ്ധതിയിലൂടെ സാധിച്ചതായും ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ പറഞ്ഞു.