ടിക്കറ്റ് ഇതര വരുമാനത്തില്‍ വര്‍ധന;ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി കൊറിയര്‍ സര്‍വീസ് വിജയത്തിലേക്ക്

പ്രധാന ടിക്കറ്റ് ഇതര വരുമാനമാര്‍ഗമായി മാറിയ കെ.എസ്.ആര്‍.ടി.സിയുടെ കൊറിയര്‍ സര്‍വീസ് കൊല്ലം ജില്ലയില്‍ വിജയത്തിലേക്ക്. ഒപ്പം ബസ് സ്റ്റേഷനുകളിലെ ഷോപ്പുകള്‍ ലീസിനു നല്‍കിയും, ഡ്രൈവിംഗ് സ്‌കൂള്‍ പോലുള്ള പുതിയ സംരംഭങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ ഡിപ്പോയില്‍ നടത്തുന്ന ബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി അവരെ ഡിപ്പോയിലെ വികസന പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാക്കിയും വരുമാനത്തില്‍ മികച്ച കുതിപ്പ് ജില്ലയില്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്കായി.
രണ്ടുവര്‍ഷം മുന്‍പാണ് ജില്ലയില്‍ കൊറിയര്‍ സേവനം തുടങ്ങിയത്. പ്രതിമാസം ഒമ്പത് ലക്ഷം രൂപയോളം വരുമാനം ഇതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്നുണ്ട്. നിലവില്‍ കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി ഡിപ്പോകളിലാണ് കൊറിയര്‍ സേവനം ലഭ്യം. കൊല്ലം ഡിപ്പോയില്‍ നിന്ന് പ്രതിദിനം 15,000 രൂപ വരെയും ബാക്കി ഡിപ്പോകളില്‍ 5,000 രൂപ വരെയുമാണ് വരുമാനം. 15 കിലോ വീതമാണ് പരമാവധി ഒരു പെട്ടിയില്‍ ഉള്‍ക്കൊള്ളിക്കുന്ന ഭാരം. ചെറിയ കവര്‍ മുതല്‍ ഒരു കിലോ വരെയുള്ളത് കൊറിയര്‍ സര്‍വീസിലും ഒരു കിലോ മുതല്‍ 120 കിലോവരെ പാഴ്സലായിട്ടുമാണ് അയക്കാന്‍ സാധിക്കുക. വസ്തുവിന്റെ ഭാരവും, ദൂരവും കണക്കാക്കി വ്യത്യസ്ത സ്ലാബുകളിലാണ് പാര്‍സല്‍/ കൊറിയര്‍ നിരക്ക് നിര്‍ണയം. 30 രൂപ മുതല്‍ 245 രൂപ വരെയാണ് കൊറിയര്‍ സര്‍വീസില്‍ ഈടാക്കുന്നത്. അഞ്ചുകിലോവരെ ഭാരമുള്ള വസ്തുക്കള്‍ 200 കിലോമീറ്ററിനുള്ളില്‍ പാര്‍സല്‍ അയക്കാന്‍ 110 രൂപയും, 800 കിലോമീറ്ററിനു 430 രൂപയുമാണ്. 105 മുതല്‍ 120 കിലോ വരെയുള്ള സാധനങ്ങള്‍ അയക്കാന്‍ 200 കിലോമീറ്ററിനുള്ളില്‍ 619.20 രൂപയും 800 കിലോമീറ്ററിനു 2491.20 രൂപയുമാണ്. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍ എന്നിവയാണ് കൂടുതലും കൊറിയര്‍ സേവനത്തിലൂടെ അയക്കുന്നതെന്ന് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അരുണ്‍ പറഞ്ഞു.
മറ്റൊരു ടിക്കറ്റ് ഇതര വരുമാന പദ്ധതിയായ ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. ചടയമംഗലം ഡിപ്പോയിലാണ് പ്രവര്‍ത്തനം. ഇതുവരെ 59 പേര്‍ ഇവിടുത്തെ പരിശീലനത്തിലൂടെ ഭാരവാഹനങ്ങളുടെ ലൈസന്‍സ് പരീക്ഷ വിജയിച്ചു. 21 പേര്‍ക്ക് ഇരുചക്ര, ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സും ലഭിച്ചു. 19,30,100 രൂപയാണ് ഓഗസ്റ്റ് വരെ സ്‌കൂള്‍ നേടിയ വരുമാനം. ഭാരവാഹനങ്ങളുടെ ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ പരിശീലനത്തിന് 11,000 രൂപയും, ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായി 3,500 രൂപയുമാണ് ഈടാക്കുന്നത്. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് 20 ശതമാനം ഫീസിളവുമുണ്ടെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ അസിസ്റ്റന്റ് ദീപ പറഞ്ഞു.
ടിക്കറ്റിന് ചില്ലറ നല്‍കുന്നത് സംബന്ധിച്ച പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ട്രാവല്‍ കാര്‍ഡ് പദ്ധതിയും നടപ്പാക്കി. ജില്ലയില്‍ ഇതുവരെ വിവിധ ഡിപ്പോകള്‍ വഴി 27,600 കാര്‍ഡുകളാണ് വിതരണം ചെയ്തത്. 100 രൂപയ്ക്ക് ലഭിക്കുന്ന കാര്‍ഡ് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. 1,000 രൂപ ചാര്‍ജ് ചെയ്താല്‍ 40 രൂപയും 2,000 രൂപ ചാര്‍ജ് ചെയ്താല്‍ 100 രൂപയും അധിക ക്രെഡിറ്റ് ലഭിക്കും. പ്ലസ്.ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 110 രൂപയ്ക്ക് ഡിജിറ്റല്‍ കണ്‍സഷന്‍ കാര്‍ഡും തയ്യാറാക്കും. ഇവ ഉപയോഗിച്ച് പ്രതിമാസം 25 ദിവസം നിശ്ചിത റൂട്ടുകളില്‍ യാത്ര ചെയ്യാം. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1,20,000 ട്രാവല്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്.
ഡിപ്പോകളില്‍ ബ്രാന്‍ഡിംഗ് ചെയ്യാന്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അവസരം ഒരുക്കിയതിലൂടെ ജില്ലയില്‍ പുനലൂര്‍ ഡിപ്പോയില്‍ ആദ്യഘട്ട പ്രവൃത്തികള്‍ നടത്തി. ഇതിന്റെ ഭാഗമായി ഡിപ്പോയുടെ മുന്‍വശം നവീകരിച്ച് പൂന്തോട്ടം ഒരുക്കി. അടുത്തഘട്ടത്തില്‍ പെയിന്റിംഗ്, മറ്റു അറ്റകുറ്റപണികളും സൗന്ദര്യവത്കരണവും നടത്തുമെന്ന് പുനലൂര്‍ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ ബി എസ് ഷിജു വ്യക്തമാക്കി.
യാത്രക്കാരുടെ സൗകര്യങ്ങളും കെ.എസ്.ആര്‍.ടി.സിയുടെ ആധുനികവത്ക്കരണവും ലക്ഷ്യമിട്ട് ടിക്കറ്റിങ്, സര്‍വീസുകളുടെ സമയക്രമങ്ങള്‍ തത്സമയം യാത്രക്കാര്‍ക്ക് അറിയാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും നടപ്പാക്കി. ഇതിനായി ഒരുക്കിയ ചലോ ആപ്പിലൂടെ യാത്രക്കാര്‍ക്ക് ബസുകളുടെ തത്സമയ ലൊക്കേഷന്‍, റൂട്ടുകള്‍, ഒഴിവുള്ള സീറ്റുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഫോണില്‍ ലഭ്യമാകും. മൊബൈല്‍ ടിക്കറ്റുകളും പാസുകളും വാങ്ങാനും യു.പി.ഐ കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, വാലറ്റ് പേയ്‌മെന്റ്, ചലോ ട്രാവല്‍ കാര്‍ഡ് തുടങ്ങി വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിച്ച് പണരഹിതയാത്ര നടത്താനും ആപ്പ് വഴി സാധിക്കും. ഓരോ ട്രിപ്പിലെ യാത്രക്കാരുടെ എണ്ണം, വരുമാനം, തിരക്ക് എന്നിവ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ നിരീക്ഷിച്ച് ബസുകളുടെ സമയക്രമീകരണം കാര്യക്ഷമമാക്കാനും വരുമാനത്തില്‍ വര്‍ധനവുണ്ടാകാനും സഹായകമായി.