ജഗന്നാഥ നവോത്ഥാന മ്യൂസിയം ക്യൂറേഷന് 3 കോടി, പ്രവൃത്തി ജനുവരിയില്‍ പൂര്‍ത്തിയാക്കും

തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ നവോത്ഥാന മ്യൂസിയം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതോടൊപ്പം മ്യൂസിയം ക്യൂറേറ്റ് ചെയ്യുന്നതിനുള്ള നടപടികളും സമാന്തരമായി പൂര്‍ത്തിയാക്കുന്നതിന് കേരള മ്യൂസിയത്തെ ചുമതലപ്പെടുത്തി.
നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, അദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്.
സാമൂഹിക നവീകരണത്തിന്റെയും മാറ്റത്തിന്റെയും ചരിത്രപരമായ അടയാളപ്പെടുത്തലുകള്‍ രേഖപ്പെടുത്തുന്ന നവോത്ഥാന മ്യൂസിയം ഉത്സവത്തിന് മുമ്പ് ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
3 കോടിയാണ് പ്രോജക്ടിന്റെ ചെലവ് പ്രതീക്ഷിക്കുന്നതെന്നും ഡി.പി.ആര്‍ ഒക്ടോബര്‍ അവസാനത്തോടെ തയ്യാറാക്കുമെന്നും തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് നവോത്ഥാനചരിത്രത്തിന്റെ പുതു അനുഭവം സമ്മാനിക്കുന്ന നിലയില്‍ ആകര്‍ഷകമായി മ്യൂസിയത്തിന്റെ ഡിസൈന്‍ പൂര്‍ത്തിയാക്കുമെന്നും കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദ്രന്‍പിള്ള അറിയിച്ചു.
ടൂറിസം വകുപ്പിന്റെ തലശ്ശേരി ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജഗന്നാഥ നവോത്ഥാന മ്യൂസിയം പ്രോജക്ട് യാഥാര്‍ത്ഥ്യമാക്കുന്നത്.
മ്യൂസിയം ഡയറക്ടര്‍ പി.എസ്. മഞ്ജുളാ ദേവി, കിഫ്ബി അസി. പ്രോജക്ട് മാനേജര്‍ നന്ദു ടി., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം കുഞ്ഞിമോൻ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കെ. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.