പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമം ലക്ഷ്യമിട്ട് വെട്ടിക്കവലയിൽ നൂതന ക്ഷേമപദ്ധതികള്‍

post

പട്ടികജാതിവിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നൂതനപദ്ധതികളുമായി വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്ത്. സാമ്പത്തികമായി പിന്നാക്കമായ പട്ടികജാതിവിഭാഗത്തില്‍ ഉള്‍പെട്ട കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ‘നാദം' പദ്ധതി. വാദ്യോപകരണങ്ങള്‍ ലഭ്യമാക്കിയാണ് പ്രോത്സാഹനം. ബ്ലോക്കില്‍ രജിസ്റ്റര്‍ചെയ്ത കലാകാര•ാരെ അഞ്ചുപേര്‍ അടങ്ങുന്ന സംഘങ്ങളാക്കി വേര്‍തിരിച്ച് ഓരോ  സംഘത്തിനും ഒരു ലക്ഷം രൂപ വിലവരുന്ന വാദ്യോപകരണങ്ങള്‍ 95 ശതമാനം സബ്‌സിഡി നിരക്കിലാണ് നല്‍കുന്നത്. നാല് ചെണ്ട, രണ്ട് വീക്ക്‌ചെണ്ട, എട്ട് ചെണ്ടകോല്‍, രണ്ട് വലംതലക്കോല്‍, രണ്ട് ഇലത്താളം എന്നിവയാണ് ഉള്‍പ്പെടുന്നത്. 14 സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണംചെയ്തു. 2024-2025 സാമ്പത്തിക വര്‍ഷം പട്ടികജാതിവികസന ഫണ്ടില്‍നിന്നും 14 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഈ സാമ്പത്തിക വര്‍ഷം 15 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കാന്‍  ‘മികവ്' പദ്ധതിയും ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കി. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 8,50,000 രൂപ വകയിരുത്തി. ബ്ലോക്ക് പരിധിയിലെ എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളിലാണ് ട്യൂഷന്‍ നല്‍കുന്നത്. പദ്ധതി നിര്‍വഹണത്തിന് ഹൈസ്‌കൂള്‍ അധ്യാപക യോഗ്യതയുള്ള 20 പേരെ അഭിമുഖത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്ത് ട്യൂഷന്‍ അധ്യാപകരായി നിയമിച്ചു. സര്‍ക്കാര്‍ പി.വി.എച്ച്.എസ് പെരുംകുളം, സര്‍ക്കാര്‍ വി.എച്ച്.എസ്.എസ് കുളക്കട, സര്‍ക്കാര്‍ എച്ച്.എസ്.എസ് പുത്തൂര്‍, ഡി.വി.എച്ച്.എസ് മൈലം, കെ.എന്‍.എന്‍.എം.വി.എച്ച്.എസ്.എസ് പവിത്രേശ്വരം, സര്‍ക്കാര്‍ മോഡല്‍ എച്ച്.എസ്.എസ്, എച്ച്.എസ്.എസ് വെട്ടിക്കല, സെന്റ് ജോണ്‍സ്, വി.എച്ച്.എസ്.എസ് ഉമ്മന്നൂര്‍ തുടങ്ങി 15 സ്‌കൂളുകളിലെ 1,800 വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളായി. അതത് സ്‌കൂളുകളില്‍ എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ എട്ടു  മുതല്‍ 9.30 വരെയും വൈകിട്ട് നാലു മുതല്‍ 5.30 വരെയും ക്ലാസുകള്‍ നടത്തുന്നു. ഈ സാമ്പത്തിക വര്‍ഷം 10 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തി ട്യൂഷന്‍ അധ്യാപകര്‍ക്ക് പരിശീലനവും നല്‍കി. സെപ്റ്റംബര്‍ പകുതിയോടെ ഈ വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കും.

2025-26 വര്‍ഷം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വികസന ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ വകയിരുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിക്കുന്നതിന് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കും. 800 ചതുരശ്രയടിയില്‍ താഴെയുള്ള നിലവിലെ വീടിനോട് ചേര്‍ന്ന് 120 ചതുരശ്രയടി വിസ്തൃതിയിലാണ് പഠനമുറി നിര്‍മാണം. കരാറാകുമ്പോള്‍ 30,000 രൂപ, അടിത്തറയ്ക്ക് 60,000 രൂപ, മേല്‍ക്കൂരയ്ക്ക് 80,000 രൂപ, വൈറ്റ് വാഷ് പൂര്‍ത്തിയാകുമ്പോള്‍ 30,000 രൂപ എന്നിങ്ങനെ നാല് ഗഡുക്കളായാണ് ധനസഹായം നല്‍കുക. ഗ്രാമസഭ മുഖേന തിരഞ്ഞെടുക്കുന്ന 12 കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

പട്ടികജാതി ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക, വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കുക എന്നിവയാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത് കുമാര്‍ വ്യക്തമാക്കി.