കൊല്ലം നഗരപരിധിയിലെ ജലാശയങ്ങള്‍ 4.65 കോടി രൂപ ചിലവഴിച്ച് നവീകരിക്കും

കൊല്ലം നഗരപരിധിയിലെ ജലസംരക്ഷണത്തിനായി കോര്‍പറേഷന്‍ മുന്‍കൈയെടുത്ത് 4.65 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മേയര്‍ ഹണി ബഞ്ചമിന്‍. അനുബന്ധ ജൈവവൈവിധ്യ സംരക്ഷണവും പദ്ധതിയുടെ ഭാഗമാണ്. 24 കുളങ്ങളാണ് നവീകരിക്കുന്നതെന്നും വ്യക്തമാക്കി.
അമൃത് പദ്ധതി രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തിയാണ് കുളങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നത്. സ്വാഭാവികമായ നീരൊഴുക്ക് നിലനിര്‍ത്തി ജലത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കും. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലസ്രോതസുകള്‍ ഉപയോഗപ്രദമായ രീതിയിലേക്ക് മാറ്റിയെടുക്കും. എട്ട് കുളങ്ങളുടെ നവീകരണം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടേത് പുരോഗതിയിലും.
കോളജ് ഡിവിഷനിലെ കൊച്ചുകുളം, മഠത്തില്‍കുളം, കുരീപ്പുഴ പടിഞ്ഞാറ് ഡിവിഷനിലെ മഠത്തില്‍കുളം, പുന്തലത്താഴം ഡിവിഷനിലെ മൂലോട്ട്കുളം, അഞ്ചാലുംമൂട് ഡിവിഷനിലെ പുതുവീട്ടില്‍കുളം, കച്ചേരി ഡിവിഷനിലെ കൊട്ടാരക്കുളം, കന്നിമേല്‍ ഡിവിഷനിലെ പുള്ളിയില്‍കുളം, ആലാട്ടുകാവ് ഡിവിഷനിലെ കണ്ണങ്കുളം, തങ്കശ്ശേരി ഡിവിഷനിലെ കല്ലുകുളം, ചിമരക്കുളം, മണക്കാട് ഡിവിഷനിലെ പണിക്കരുകുളം, പള്ളിമുക്ക് ഡിവിഷനിലെ പഞ്ചായത്ത് കുളം, കടവൂര്‍ ഡിവിഷനിലെ കുന്നടികുളം, തേവള്ളി ഡിവിഷനിലെ ഓലയില്‍ കുളം, മതിലില്‍ ഡിവിഷനിലെ ചിറക്കരകുളം, നീരാവില്‍ ഡിവിഷനിലെ ചാലില്‍ കുളം, കുരീപ്പുഴ കിഴക്ക് ഡിവിഷനിലെ മാമൂട്ടില്‍കടവ്കുളം, മീനത്ത് ചേരിയിലെ ഇടമനക്കാവ്കുളം എന്നിവ തിരഞ്ഞെടുത്തു.
നവീകരിച്ച കുളങ്ങളില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ രണ്ടാംഘട്ടമായി മങ്ങാട് ഡിവിഷനിലെ ചിറയില്‍കുളം, താമരക്കുളം ഡിവിഷനിലെ താമരക്കുളം, അയത്തില്‍ ഡിവിഷനിലെ മുന്നണിക്കുളം, ചാത്തിനാംകുളം ഡിവിഷനിലെ ഫാത്തിമകുളം, മീനത്തുച്ചേരി ഡിവിഷനിലെ വിളയില്‍കുളം, എഴുത്തില്‍മുക്ക് ഡിവിഷനിലെ എഴുത്തില്‍കുളം എന്നീ കുളങ്ങളും ഉള്‍പ്പെടുത്തി. മൂന്നെണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. മറ്റുള്ളവയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു.
ചെളികളഞ്ഞ് കുളംവൃത്തിയാക്കുകയാണ് നവീകരണത്തിന്റെ ആദ്യഘട്ടം. മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കും. കുളത്തിന് ചുറ്റുമുള്ള കാടും പാഴ്മരങ്ങളും മാറ്റിയാണ് സംരക്ഷണപ്രവര്‍ത്തനങ്ങള്‍. മുമ്പ് ഉപയോഗിച്ചിരുന്നതും കാട് വളര്‍ന്നും പടികളും തിട്ടകളും പൊട്ടിപ്പൊളിഞ്ഞതുമായ ഒരു സെന്റ് മുതല്‍ ഒരേക്കര്‍വരെ വരുന്ന കുളങ്ങള്‍ക്കാണ് പ്രഥമപരിഗണന. ഡിവിഷന്‍ കൗണ്‍സിലര്‍മാരില്‍ നിന്നും കുളങ്ങളുടെ തത്സ്ഥിതി വിലയിരുത്തിയ ശേഷമാണ് അന്തിമപട്ടിക തയ്യാറാക്കുന്നത്.
കുളങ്ങള്‍ക്ക് ചുറ്റുമതില്‍, കൈവരികള്‍, അടിഞ്ഞുകൂടിയ ചെളിനീക്കി സംഭരണശേഷി വര്‍ധിപ്പിക്കല്‍, കുളത്തിന്റെ ഭാഗങ്ങള്‍ കരിങ്കല്‍ഭിത്തി കെട്ടി ഉറപ്പാക്കുക, പടിക്കെട്ടുകള്‍ ഉറപ്പുള്ളതാക്കുക, ഇന്റര്‍ലോക്ക് പാകല്‍, മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് ഉയരം കൂടിയ ഫെന്‍സിംഗ് നിര്‍മാണം, ചുറ്റും പൂച്ചെടികള്‍ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്ക്കരണം തുടങ്ങിയ പ്രവൃത്തികളാണ് പ്രധാനമായും ചെയ്യുന്നത്. ഓരോ കുളങ്ങളുടെയും സവിശേഷത അനുസരിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. നവീകരിച്ച കുളങ്ങളുടെ സംരക്ഷണമേല്‍നോട്ട ചുമതല കോര്‍പ്പറേഷന്‍ നിര്‍വഹിക്കും.
ജലസ്രോതസുകളുടെ വീണ്ടെടുപ്പിനും സുസ്ഥിര ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും മേയര്‍ പറഞ്ഞു.