വിരല്‍തുമ്പില്‍ സേവനം; പത്തനംതിട്ടയിൽ സ്മാർട്ടായി 22 വില്ലേജ് ഓഫീസുകള്‍

പത്തനംതിട്ടയില്‍ ആധുനിക സജ്ജീകരണങ്ങളോടെ സ്മാര്‍ട്ടായി 22 വില്ലേജ് ഓഫീസുകള്‍. പൊതുജന സേവനം കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച സ്മാര്‍ട്ട് വില്ലേജ് നിര്‍മാണത്തിന് ചെലവഴിച്ചത് 9.56 കോടി രൂപ. ജില്ലയിലെ 70 വില്ലേജ് ഓഫീസുകളില്‍ 40 എണ്ണത്തിന് ആദ്യഘട്ട ഭരണാനുമതി ലഭിച്ചു. അഞ്ച് ഓഫീസുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍.
കൊടുമണ്‍, തുമ്പമണ്‍, കൂരമ്പാല, ഏനാത്ത്, പള്ളിക്കല്‍, പെരിങ്ങനാട്, കടമ്പനാട്, അങ്ങാടിക്കല്‍, കുളനട, പത്തനംതിട്ട, ഇരവിപേരൂര്‍, കൊല്ലമുള, അയിരൂര്‍, ചെത്തയ്ക്കല്‍, വടശേരിക്കര, ചെറുകോല്‍, എഴുമറ്റൂര്‍, കോട്ടങ്ങല്‍, മൈലപ്ര, തിരുവല്ല, കടപ്ര, കുന്നന്താനം എന്നീ 22 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി. ചെന്നീര്‍ക്കര, ആറന്മുള, കോന്നി താഴം, കൂടല്‍, നിരണം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
2020-21, 2021-22 ല്‍ 44 ലക്ഷം രൂപയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിക്ക് അനുവദിച്ചത്. 2022-23 ല്‍ 50 ലക്ഷമാക്കി ഉയര്‍ത്തി. സംസ്ഥാനനിര്‍മിതി കേന്ദ്രത്തിനും പൊതുമരാമത്ത് വകുപ്പിനുമാണ് നിര്‍മാണ ചുമതല.
വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം വേഗത്തിലും കൃത്യതയിലും സേവനം ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് രൂപകല്‍പന. വിശാലമായ വരാന്ത, കാത്തിരിപ്പുകേന്ദ്രം, മീറ്റിഗ് ഹാള്‍, റെക്കോഡ് മുറി, ഭക്ഷണ മുറി, കുടിവെള്ളം, ആധുനിക രീതിയിലുള്ള ശുചിമുറി, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ് തുടങ്ങി എല്ലാ വിധ സൗകര്യവും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ 600 വില്ലേജുകള്‍ സ്മാര്‍ട്ട് ആയി. 830 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്നതിന് ഭരണാനുമതി ലഭിച്ചു.
വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, തരം മാറ്റം, പോക്കുവരവ്, തണ്ടപ്പേര്‍ പകര്‍പ്പ് തുടങ്ങി 23 തരം സേവനം റവന്യൂ വകുപ്പ് ഓണ്‍ലൈനായി നല്‍കുന്നു.
റവന്യൂ ഇ-പേയ്‌മെന്റ് മുഖേനെ ഉപഭോക്താക്കള്‍ക്ക് വിവിധ സര്‍ക്കാര്‍ ഫീസ്, നികുതികള്‍ എന്നിവ ഓണ്‍ലൈനായി അടയ്ക്കാം. ഇ-ഡിസ്ട്രിക്റ്റ് ഡിജിറ്റല്‍ സേവന പ്ലാറ്റ്ഫോമിലൂടെ വിവിധ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ലഭ്യം. റവന്യൂ റിക്കവറി പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കുടിശികയായ വരുമാനങ്ങള്‍ ഈടാക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിയമാനുസൃത നടപടി കൈക്കൊള്ളുന്നതിനും സഹായിക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ട വിവരം പരിശോധിക്കാന്‍ 'എന്റെ ഭൂമി' പോര്‍ട്ടലുണ്ട്. വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന 14 ഓളം വിവരങ്ങള്‍ ചിപ്പുകള്‍ പതിപ്പിച്ച ഡിജിറ്റല്‍ റവന്യുകാര്‍ഡിലൂടെ ലഭ്യമാക്കാനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. എല്ലാ ഭൂരേഖകളും ഡിജിറ്റലാക്കുന്നതിന് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ റീസര്‍വേയ്ക്ക് 858.42 കോടി രൂപയാണ് അനുവദിച്ചത്. അടുത്ത വര്‍ഷം പൂര്‍ത്തിയാകും.