പഠനം രസകരമാക്കി പ്രീപ്രൈമറി കുരുന്നുകളുടെ വര്‍ണക്കൂടാരം

പത്തനംതിട്ട ഇരവിപേരൂര്‍ മുരിങ്ങശേരി എല്‍ പി സ്‌കൂളിലെ പ്രീപ്രൈമറി കുരുന്നുകള്‍ക്ക് ആടിപ്പാടി കളിക്കാനും പഠനം രസകരമാക്കാനും സ്റ്റാര്‍സ് വര്‍ണക്കൂടാരം ഒരുങ്ങി. സമഗ്രശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വര്‍ണക്കൂടാരത്തിന്റെ നിര്‍മാണം.
കളിയുപകരണങ്ങള്‍, വരയിടം, ഹരിതോദ്യാനം, ഭാഷാ വികാസം, ശാസ്ത്രാനുഭവം, ആട്ടവും പാട്ടും, കുഞ്ഞരങ്ങ്, ഗണിതം, പഞ്ചേന്ദ്രിയ അനുഭവം, കരകൗശലം തുടങ്ങിയ മേഖലകളെ വ്യത്യസ്ത ഇടങ്ങളാക്കി മാറ്റിയാണ് പഠനം അനുഭവവേദ്യമാക്കുന്നത്. ചിരട്ടയും മറ്റു പാഴ്വസ്തുക്കളും കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, കളിപ്പാവകള്‍, സംഗീതോപകരണങ്ങള്‍ തുടങ്ങിയവയും ഓരോ ഇടത്തിലും സജീകരിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരമുള്ള പ്രീ പ്രൈമറി സ്‌കൂളുകളെ വാര്‍ത്തെടുക്കാനും ഉന്നത നിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിലൂടെ വിഭാവനം ചെയ്ത പദ്ധതിയാണ് വര്‍ണക്കൂടാരം. ക്ലാസ് മുറികളില്‍ ചായം കൊണ്ട് തീര്‍ത്ത ചിത്രങ്ങള്‍ കുഞ്ഞുമനസില്‍ കൗതുകത്തോടൊപ്പം അറിവും നിറയ്ക്കുന്നു. പ്രകൃതിയെ അറിയാന്‍ പക്ഷിമൃഗാദികളുടെ ശില്‍പവും ആമ്പല്‍ക്കുളവും ഒരുക്കിയിട്ടുണ്ട്. പാവകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും പുറമേ വിവിധ കളിഉപകരണങ്ങള്‍ അടങ്ങിയ വര്‍ണകൂടാരം കുട്ടികളുടെ പ്രിയ ഇടമാണ്. ശിശുസൗഹൃദ ഇരിപ്പിടങ്ങളും മേശകളും ഒരുക്കിയിട്ടുണ്ട്.