ക്ഷീര സംഗമം സംഘടിപ്പിച്ചു

post

പത്തനംതിട്ട പന്തളം ബ്ലോക്ക് ക്ഷീരസംഗ പൊതുസമ്മേളനം കുരമ്പാല പെരുമ്പാലൂര്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി  ഉദ്ഘാടനം ചെയ്തു.ക്ഷീരകര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമായ മൊബെല്‍ വെറ്ററിനറി ക്ലിനിക്ക് പന്തളം ബ്ലോക്കില്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ക്ഷീരകര്‍ഷകരുടെ പ്രശ്‌നത്തിന് പരിഹാരമാകും. വരള്‍ച്ച ദുരിതാശ്വാസവും കാലവര്‍ഷക്കെടുതിയില്‍ പശുക്കളെ നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായവും നല്‍കുന്നുണ്ട്. ബ്ലോക്കില്‍ ഇന്‍ഷുറന്‍സ് പദ്ധതിക്കായി എട്ട് കോടി രൂപ വകയിരുത്തിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.

പന്തളം ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരസംഗമത്തില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി.

ചടങ്ങില്‍ ക്ഷീരകര്‍ഷകയായ അന്നമ്മ തയ്യിലേത്ത് മലയിനേയും തോലുഴം ക്ഷീരസംഘത്തിനെയും ആദരിച്ചു. ക്ഷീരസംഗമത്തോടനുബന്ധിച്ച് നടന്ന ക്ഷീരവികസന സെമിനാര്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത്  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എം. മധു ഉദ്ഘാടനം ചെയ്തു. ബാഹ്യ പരാദരോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും വിഷയത്തില്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എം. എസ് സുബിനും ക്ഷീരമേഖലയിലെ വ്യവസായ പദ്ധതികളെ പറ്റി പന്തളം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ആര്‍ സുജിതയും ക്ലാസ് നയിച്ചു.        

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍, പന്തളം നഗരസഭ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍, അംഗങ്ങളായ രാജേഷ് കുമാര്‍, അജിത കുമാരി, അംബിക രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലാലി ജോണ്‍, സന്തോഷ് കുമാര്‍ തട്ടയില്‍, രേഖ അനില്‍, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ്  ഡയറക്ടര്‍ റീബാ തങ്കച്ചന്‍, ക്ഷീരവികസന ഓഫീസര്‍ ഇ സുനിതാബീഗം, കുരമ്പാല ക്ഷീരസംഘം പ്രസിഡന്റ് റ്റി സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.