വൃക്ഷത്തൈകളുടെ ജിയോടാഗിങ്: ഏകദിന ശില്‍പ്പശാല നടത്തി

ഹരിതകേരളം മിഷന്റെ ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ വൃക്ഷ തൈകളുടെ ജിയോടാഗിങ് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശീന്ദ്രന്‍ നിര്‍വഹിച്ചു. ഹരിതകേരളം മിഷനും എപിജെ അബ്ദുള്‍ കാലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റി എന്‍.എസ്.എസ്. സെല്ലുമായി ചേര്‍ന്നാണ് പരിപാടി നടത്തിയത്. ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മൂന്ന് ലക്ഷത്തോളം വൃക്ഷത്തൈകളാണ് നട്ടത്. ഈ വൃക്ഷത്തൈകളെ സാങ്കേതികവിദ്യ ഉപയോഗിച്ച് അടയാളപ്പെടുത്തുന്ന ജിയോടാഗിങ് പ്രവര്‍ത്തനത്തെ എഞ്ചിനീയറിങ് കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടപ്പിലാക്കുകയാണ് ശില്‍പ്പശാലയുടെ ലക്ഷ്യം.
ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.അജയ് പി കൃഷ്ണ വിഷയാവതരണവും നവകേരളം കര്‍മ്മപദ്ധതിയിലെ വിവിധ മിഷനുകളെ പറ്റിയും ഒരു തൈ നടാം വൃക്ഷവല്‍ക്കരണ ക്യാമ്പയിനിനെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഓപ്പറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അല്‍ത്താഫ് എന്‍.എസ്.എസ്. യൂണിറ്റ് അംഗങ്ങളായ 50 വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകളുടെ ജിയോ ടാഗിങുമായി ബന്ധപ്പെട്ട പരിശീലനം നല്‍കി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ഫിലുമോന്‍ ജോസഫ് സംസാരിച്ചു.