പാട്യം ഗ്രാമപഞ്ചായത്തിൽ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

post

പാട്യം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സഹായ ഉപകരണങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ ഉദ്ഘാടനം ചെയ്തു. കുറ്റേരിപ്പൊയില്‍ ജ്ഞാനപ്രകാശിനി വായനശാലയില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഫായിസ് അരൂള്‍ അധ്യക്ഷനായി. ഇ എന്‍ ടി, ഓര്‍ത്തോ, ഓഡിയോളജിസ്റ്റ് ഡോക്ടര്‍മാരായ ഡോ. വി വിജുമോന്‍, ഡോ. ദിപിന്‍ കൂടാളി, ഡോ. ഹരിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. പങ്കെടുത്തവരില്‍ ആവശ്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, വാക്കര്‍, ശ്രവണ സഹായി എന്നിവ നല്‍കും. ക്യാമ്പില്‍ 94 പേര്‍ പങ്കെടുത്തു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സി വസന്ത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭ കോമത്ത്, പഞ്ചായത്തംഗം വി രതി എന്നിവര്‍ സംസാരിച്ചു.