എയ്ഡ്സ് ബോധവല്‍ക്കരണവുമായി യുവ ജാഗരണ്‍ കലാജാഥ

എയ്ഡ്സ് ബോധവത്കരണവുമായി യുവജാഗരണ്‍ കലാജാഥ കലക്ടറേറ്റില്‍. ആരോഗ്യ-ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍, എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, എന്‍.എസ്.എസ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ക്യാമ്പയിന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ തരണംചെയ്യാന്‍ യുവതലമുറയ്ക്കാകണമെന്ന് പറഞ്ഞു.
സംസ്ഥാനമൊട്ടാകെയുളള പ്രചാരണം സെപ്റ്റംബര്‍ 28ന് തൃശൂരില്‍ സമാപിക്കും. ജില്ലയില്‍ 45 ഇടങ്ങളിലേക്കെത്തും. കഥാപ്രസംഗം, പാവകളി തുടങ്ങിയ കലാരൂപങ്ങളും പരിപാടിയുടെ ഭാഗമാണ്. എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ ഡെനി, ജില്ലാ ടിബി സെന്റര്‍ ഡി.സി.പി.പി.എം ജി.ശങ്കര്‍, യുവ ജാഗരണ്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. വിദ്യ, ശ്രീനാരായണ കോളേജിലെ എന്‍.എസ്.എസ് വോളന്റിയേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.