നവീകരിച്ച കതിരൂര്‍ പഞ്ചായത്ത് ഓഫീസ് നാടിന് സമര്‍പ്പിച്ചു

post

നവീകരിച്ച കണ്ണൂർ കതിരൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ നാടിന് സമര്‍പ്പിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ ജനങ്ങളെ സഹായിക്കാനാണ്. പരാതികള്‍ അനുഭാവപൂര്‍ണ്ണം പരിഗണിക്കാനും പൂര്‍ണ്ണമായും പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സനില്‍ അധ്യക്ഷനായി.

ജനസൗഹൃദ ഓഫീസ് സംവിധാനവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സേവനവും അടിസ്ഥാന സൗകര്യങ്ങളുടെ ആധുനിക വല്‍ക്കരണവും ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത് നാടിന് സമര്‍പ്പിച്ചിത്. ഓഫീസിന്റെ താഴത്തെ നിലയില്‍ മീറ്റിംഗ് ഹാള്‍, എയര്‍കണ്ടീഷനിങ്, വൈദ്യുതീകരണം, ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയാണ് നവീകരിച്ചിട്ടുള്ളത്. അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ മുഹമ്മദ് നിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സല്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി റംല, കതിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി രാജ്, പഞ്ചായത്ത് സെക്രട്ടറി ടി.എന്‍ മഞ്ജുഷ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എ സംഗീത, അസിസ്റ്റന്‍സ് സെക്രട്ടറി സുഗതന്‍, പുത്തലത്ത് സുരേഷ് ബാബു, അഡ്വ എം.എസ് നിഷാദ്, ഒ ഹരിദാസന്‍, ബഷീര്‍ ചെറിയാണ്ടി, കെ.വി.രജീഷ് എന്നിവര്‍ പങ്കെടുത്തു.