’മാവേലിക്കസ്’: പോസ്റ്റര്‍ പ്രകാശനം നടൻ മോഹന്‍ലാലും മന്ത്രി മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു

post

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും കേരള ആര്‍ട്‌സ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റര്‍ പ്രകാശനം നടൻ മോഹന്‍ലാലും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു. ഗോകുലം ഗ്രാന്‍ഡില്‍ നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പിന്റെ സ്‌നേഹസമ്മാനമായ ഓണപ്പുടവ മന്ത്രി മോഹന്‍ലാലിന് സമ്മാനിച്ചു.

കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെടിഐല്‍) ചെയര്‍മാന്‍ എസ് കെ സജീഷ്, ഡിടിപിസി സെക്രട്ടറി ഡോ. നിഖില്‍ദാസ്, സര്‍ഗാലയ സിഇഒ ശ്രീപ്രസാദ്, കെ സി ബാബു, ഡോ. അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.

ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെയാണ് ഓണാഘോഷം. പൂക്കളമത്സരത്തോടെയാണ് മാവേലിക്കസിന് തുടക്കമാവുക. തുടര്‍ന്ന് ഏഴ് ദിവസങ്ങളില്‍ കോഴിക്കോട് ബീച്ച്, ലുലുമാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ ഹാള്‍, ബേപ്പൂര്‍ ബീച്ച്, സര്‍ഗാലായ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളിലായി വ്യത്യസ്ത കലാപരിപാടികള്‍ അരങ്ങേറും. കെ എസ് ചിത്ര, എം ജയചന്ദ്രന്‍, സിദ് ശ്രീറാം, സിതാര കൃഷ്ണകുമാര്‍, ജോബ് കുര്യന്‍, ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവരുടെ സംഗീതപരിപാടികള്‍ ഉണ്ടാകും. നവ്യ നായര്‍, റിമ കല്ലിങ്കല്‍, പാരീസ് ലക്ഷ്മി തുടങ്ങിയവരും മാവേലിക്കസിന്റെ ഭാഗമാകും. ഒമ്പത് വേദികളിലായി അമ്പതോളം കലാകാരന്‍മാരാണ് വിവിധ പരിപാടികള്‍ അവതരിപ്പിക്കുക. കൈത്തറി മേള, വ്യാപാരപ്രദര്‍ശനം, ഭക്ഷ്യമേള, പുസ്തകമേള എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.