കോളയാട് പഞ്ചായത്ത് കെട്ടിട ഉദ്‌ഘാടനവും ലൈഫ് വീടുകളുടെ താക്കോൽ കൈമാറ്റവും നിർവഹിച്ചു

ലൈഫ് പദ്ധതിയിൽ ആറര ലക്ഷം വീടുകൾ പൂർത്തീകരിക്കും: മന്ത്രി എം.ബി രാജേഷ്
കണ്ണൂർ കോളയാട് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനവും ലൈഫ് ഭവന പദ്ധതിയിലൂടെ പൂർത്തീകരിച്ച 288 വീടുകളുടെ താക്കോൽ ദാനവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു .
സംസ്ഥാന സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ ലൈഫ് ഭവന പദ്ധതിയിലൂടെ കേരളത്തിൽ ആറര ലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ മേഖലകളിലും വൻ വികസനത്തിനാണ് സർക്കാർ നേതൃത്വം കൊടുക്കുന്നത്. പശ്ചാത്തല വികസനത്തോടൊപ്പം സർക്കാർ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. കെ സ്മാർട്ട് സംവിധാനത്തിലൂടെ ഓഫീസുകൾ കയറിയിറങ്ങാതെതന്നെ എല്ലാ സർക്കാർ സേവനങ്ങളും സ്മാർട്ട് ഫോണിൽ ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്ത ഏക സംസ്ഥാനമായി കേരളം മാറി. കൂടാതെ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായും കേരളത്തെ പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി.
കോളയാട് ഗ്രാമപഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതിയിലൂടെ അർഹരായ 384 കുടുംബങ്ങളെ കണ്ടെത്തി കരാറിൽ ഉൾപ്പെടുത്തിയിരുന്നു. അതിൽ 288 കുടുംബങ്ങളുടെ ഭവന നിർമാണമാണ് പൂർത്തിയായത്. 14.23 കോടിരൂപയാണ് പദ്ധതിക്കായി ചെലവായത്.
മുൻ എം എൽ എ ഇ.പി ജയരാജന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 90 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ പഞ്ചായത്ത് കെട്ടിടം നിർമിച്ചത്. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രസിഡന്റിന്റെ ഓഫീസ്, അനുബന്ധ ഓഫീസുകൾ എന്നിവയും ഒന്നാം നിലയിൽ കൃഷിഭവനും രണ്ടാം നിലയിൽ കുടുംബശ്രീ ഓഫീസും പ്രവർത്തിക്കുന്നു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം റിജി, വൈസ് പ്രസിഡന്റ് കെ.ഇ സുധീഷ് കുമാർ, ജില്ലാപഞ്ചായത്ത് അംഗം വി ഗീത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ.ടി കുഞ്ഞഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഉമാദേവി, ടി ജയരാജൻ മാസ്റ്റർ, സിനിജ സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന നാരായണൻ, ഗ്രാമപഞ്ചായത്ത് അംഗം കെ.വി ജോസഫ്, സി.ഡി.എസ് ചെയർപേഴ്‌സൺ സി ശകുന്തള, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി സുരേഷ് കുമാർ, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.പി വിനോദ് കുമാർ, പേരാവൂർ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആർ ഹരി, കോളയാട് വി ഇ ഒ ശ്രീജ ബാട്ടി, കോളയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് എ.സി അനീഷ്, വിവിധ രാഷ്ട്രീയ കക്ഷി, സംഘടനാ പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.