ഹരിതകർമ്മസേന സംരംഭകത്വ വികസന പദ്ധതിക്ക് തുടക്കമായി

ജൈവമാലിന്യ സംസ്കരണത്തിന് കേരളത്തിൽ ഏഴ് വൻകിട സിബിജി പ്ലാന്റുകൾ ഉടൻ പൂർത്തിയാകും- മന്ത്രി എം.ബി രാജേഷ്
ഹരിതകർമ്മസേന സംരംഭകത്വ വികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂർ ആന്തൂർ നഗരസഭ വിൻഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റിന്റെ പുതിയ കെട്ടിടോദ്ഘാടനവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു .
ജൈവമാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് ഏഴ് വൻകിട സിബിജി പ്ലാൻറ് (കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻറ്) പൂർത്തിയാവുകയാണെന്ന് മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ പ്ലാൻറ് ഉടൻ ഉദ്ഘാടനം ചെയ്യും.തൃശ്ശൂരിൽ സിബിജി പ്ലാൻറ് പണി ആരംഭിച്ചു. കോഴിക്കോട്, തിരുവന്തപുരം ഉൾപ്പെടെയുള്ള ബാക്കി അഞ്ചെണ്ണം ഒന്നര കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ഉണ്ടാകുന്ന മുഴുവൻ സാനിറ്ററി മാലിന്യവും സംസ്കരിക്കാനുള്ള പ്ലാന്റുകളുടെ നിർമ്മാണം ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് പൂർത്തിയാക്കും. കേരളത്തിൽ പ്രതിദിനം ഉണ്ടാകുന്ന 100 ടൺ സാനിറ്ററി മാലിന്യവും അടുത്ത ആറുമാസത്തിനുള്ളിൽ സംസ്കരിക്കാനാകും. 720 ടൺ അജൈവമാലിന്യം ആർ ഡി എഫ് (റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ) ആക്കി മാറ്റുന്നതിനുള്ള ആറ് പ്ലാന്റുകൾ അടുത്ത ആറുമാസത്തിനുള്ളിൽ കേരളത്തിൽ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
2024-25 വർഷത്തിൽ ഹരിതകർമ്മ സേന ശേഖരിച്ചത് 1,52,000 ടൺ മാലിന്യമാണ്. രണ്ടുവർഷം മുമ്പ് ഇത് 30,000 ടൺ ആയിരുന്നു. ഹരിത കർമ്മ സേന ഉണ്ടായിരുന്നില്ലെങ്കിൽ ഈ മാലിന്യങ്ങളെല്ലാം പുഴകളിലും റോഡിലും മറ്റും ഉണ്ടാകുമായിരുന്നു. ബംഗാൾ, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ മാലിന്യസംസ്കരണത്തിന് കേരളത്തെ പഠിക്കുകയാണ്. ക്ലീൻ കേരള കമ്പനിയെ കുറിച്ച് പഠിച്ച് ക്ലീൻ തമിഴ്നാട് കമ്പനിക്ക് രൂപം കൊടുത്തു. ഇത്തരത്തിൽ ദേശീയ തലത്തിൽ മാതൃകയായിരിക്കുകയാണ് കേരളം.
ഹരിതകർമ്മ സേനയുടെ യൂസർഫീക്കെതിരെ തുടക്കത്തിൽ വ്യാപക ദുഷ്പ്രചരണം ഉണ്ടായിരുന്നു. ഇതിൽ മാറ്റം വന്നു. ഹരിത കർമ്മ സേനയ്ക്ക് പാഴ് വസ്തുക്കളും യൂസർ ഫീസും കൊടുക്കാത്ത ഒരാൾക്കും കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ഒരു സേവനവും കൊടുക്കില്ല എന്നത് നിയമ ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്തു. യൂസർ ഫീ കൊടുത്തില്ലെങ്കിൽ പ്രോപ്പർട്ടി ടാക്സിന്റെ കൂടെ പിഴയോടുകൂടി ഈടാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം കൊടുത്തു. ഇപ്പോൾ കേരളത്തിൽ 95 ശതമാനം വീടുകളിൽ നിന്നും മാലിന്യം കൊടുക്കുന്നുണ്ട്. ഹരിത മിത്രം ആപ്ലിക്കേഷനിലൂടെ ഇത് മോണിറ്റർ ചെയ്യുന്നുണ്ട്. നിലവിൽ 37143 അംഗങ്ങളാണ് ഹരിതകർമ്മ സേനയിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം ഈ ആപത്തിനെ കേരളത്തെ മുഴുവൻ ശുചിയാക്കി മാറ്റാനുള്ള അവസരമാക്കി മാറ്റാൻ തീരുമാനിച്ചു. അസാധ്യമെന്ന് കരുതിയത് ബ്രഹ്മപുരത്ത് നടപ്പാക്കാൻ കഴിഞ്ഞു. 110 ഏക്കറയിലായി ഒൻപത് ലക്ഷം മെട്രിക് ടൺ മാലിന്യ മലയുടെ 90 ശതമാനവും നീക്കം ചെയ്തു. ഈ മഴക്കാലം കഴിഞ്ഞാൽ ഒരു മാസം കൊണ്ട് അവശേഷിക്കുന്ന 10 ശതമാനവും നീക്കം ചെയ്ത് ബ്രഹ്മപുരം ഒരു പൂങ്കാവനമാക്കി മാറ്റും. ബ്രഹ്മപുരത്ത് 93 കോടി രൂപ ചെലവിൽ സിബിജി പ്ലാന്റിന്റെ പണി പൂർത്തിയായി. ഓണം കഴിഞ്ഞാൽ ഇത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ബഹ്മപുരത്ത് മാത്രമായി ഈ മാറ്റം ഒതുങ്ങിയില്ല. കുരീപ്പുഴയിൽ ബയോ മൈനിങ് പൂർത്തിയാക്കി 14 ഏക്കർ വീണ്ടെടുത്തു. പുതിയ ആർ ആർ എഫ് ഉദ്ഘാടനം ചെയ്തു. 150 ടൺ ജൈവ മാലിന്യം സംസ്കരിക്കാൻ പറ്റുന്ന 75 കോടിയുടെ പ്ലാന്റ് ഇവിടെ ഉടൻ നിലവിൽ വരും. കുരീപ്പുഴയിൽ ഐടി പാർക്കും വരുമെന്ന് മന്ത്രി പറഞ്ഞു.
ലോകബാങ്ക് സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) യുടെ ഭാഗമായാണ് സംരംഭകത്വ വികസന പദ്ധതി നടപ്പിലാക്കുന്നത്.
എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷനായി. ശുചിത്വ കേരളത്തിന്റെ പട്ടാളമാണ് ഹരിത കർമ്മ സേനാംഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ മാലിന്യ സംസ്കരണം നടത്തി ശുചിത്വം ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നതായും എം എൽ എ പറഞ്ഞു.
ആന്തൂർ, ആറ്റിങ്ങൽ, വർക്കല, പുനലൂർ, അടൂർ, ചേർത്തല തൊടുപുഴ, കൂത്താട്ടുകുളം, മരട്, കൊടുങ്ങലല്ലൂർ, ഗുരുവായൂർ, വടക്കാഞ്ചേരി, പാലക്കാട്, പട്ടാമ്പി, പെരിന്തൽമണ്ണ, മുക്കം, കൊയിലാണ്ടി, സുൽത്താൻ ബത്തേരി, നീലേശ്വരം നഗരസഭകൾക്ക് സംരംഭകത്വ വികസന പദ്ധതിക്കുള്ള ധനാനുമതിപത്രം ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.
ആന്തൂർ നഗരസഭയിലെ ധർമ്മശാല ഇന്ത്യൻ കോഫി ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരള ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രൊജക്റ്റ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ വിശിഷ്ടാതിഥികളായി. മുനിസിപ്പൽ എഞ്ചിനീയർ വി.മുഹമ്മദ് സാലിഹ് റിപ്പോർട്ട് അവതരിപ്പിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ.വി. പ്രേമരാജൻ മാസ്റ്റർ, എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, കൗൺസിലർമാരായ ടി.കെ.വി. നാരായണൻ, സി. ബാലകൃഷ്ണൻ, കെ. വി. ഗീത, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി. ജെ.അരുൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം സുനിൽകുമാർ, നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ. കെ. സോമശേഖരൻ, ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ പി.കെ ശ്യാമള ടീച്ചർ, ക്ലീൻ സിറ്റി മാനേജർ ടി അജിത്, കെ. സന്തോഷ്, പി.കെ. മുജീബ് റഹ്മാൻ, ഭൂമിക ഹരിത കർമ്മസേന ടി.വി സുമ, ആന്തൂർ നഗരസഭ സെക്രട്ടറി പി. എൻ. അനീഷ് എന്നിവർ പങ്കെടുത്തു.
മാലിന്യം വലിച്ചെറിയൽ; അഞ്ചുമാസത്തിനിടെ പിഴ ചുമത്തിയത് 9.55 കോടി
കേരളത്തിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് കഴിഞ്ഞ അഞ്ചുമാസം കൊണ്ട് പിഴ ചുമത്തിയത് 9.55 കോടി രൂപയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിൽ 30 ലക്ഷത്തിലധികം രൂപ വാട്ട്സാപ്പ് വഴി ലഭിച്ച പരാതിയിൽ ചുമത്തിയ പിഴയാണ്. ഇങ്ങനെ പരാതി അറിയിക്കുന്നവർക്ക് പിഴ തുകയുടെ നാലിലൊന്ന് സമ്മാനമായി നൽകുമെന്നും മന്ത്രി അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നതിന്റെ വ്യക്തമായ വീഡിയോ 9446700800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.