സ്വാതന്ത്ര്യ ദിനാഘോഷം: മുന്നൊരുക്കങ്ങൾ വിലയിരുത്തി

post

കൊല്ലം ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി. നിര്‍മല്‍കുമാറിന്റെ അധ്യക്ഷതയില്‍ സ്വാതന്ത്ര്യ ദിനാഘോഷ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി അവലോകന യോഗം ചേർന്നു. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിനും ഹരിതചട്ടം കര്‍ശനമായി പാലിക്കാനും നിര്‍ദേശം നല്‍കി. മൈതാനത്തെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കോര്‍പ്പറേഷന്‍ അധികൃതരെ നിയോഗിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. ഓഗസ്റ്റ് 15ന് ആശ്രാമം മൈതാനത്താണ് പരിപാടികള്‍. രാവിലെ 8.50ന് പരേഡ് അണിച്ചേരും. 8.52ന് പരേഡ് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. 9.02ന് മുഖ്യാതിഥിയായ മന്ത്രി എത്തും. 9.05ന് പതാക ഉയര്‍ത്തും. 9.08ന് പരേഡ് പരിശോധിക്കും. 9.13ന് പരേഡ് മാര്‍ച്ച് പാസ്റ്റ്, ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. തുടര്‍ന്ന് ട്രോഫികളുടെ വിതരണം നടത്തി ദേശീയഗാനത്തോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനം.  

പൊലീസ്, എക്സൈസ്, വനം, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. ബാന്‍ഡ് സംഘങ്ങളും പങ്കെടുക്കും.

 പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ ലഭ്യമാക്കുന്നതിന് ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി. പരേഡ്ദിനത്തില്‍ ആംബുലന്‍സ് സഹിതം ആരോഗ്യസംഘമുണ്ടാകും. വിദ്യാഭ്യാസ- വ്യാപാരസ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനും നിര്‍ദേശം നല്‍കി. ഓഗസ്റ്റ് 14ന് വൈകിട്ട് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തും. സബ് കലക്ടര്‍ നിഷാന്ത് സിഹാര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.